സുരേന്ദ്രന്റെ മാനസിക നില തെറ്റി, സുരേന്ദ്രനല്ല പിണറായി വിജയന്‍- പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടിസ്ഥാനമില്ലാതെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ ഗൗരവതരമായ ആരോപണമാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. സുരേന്ദ്രന് മറുപടി നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുരേന്ദ്രന്റെ മാനസിക നില തെറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷനിൽ മുഖ്യമന്ത്രിക്ക് കമ്മീഷനും മകൾക്ക് അഴിമതിയിൽ പങ്കുമുണ്ടെന്ന കെ സുരേന്ദ്രന്റെ പരാമർശം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ക്ഷുഭിതനായാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ആദ്യം മൗനം പാലിച്ച മുഖ്യമന്ത്രി ആവർത്തിച്ചുള്ള ചോദ്യത്തെ തുടർന്ന് സുരേന്ദ്രനെതിരെ ആഞ്ഞടിച്ചു.

പത്രസമ്മേളനത്തിലൂടെ കൂടുതൽ പറയുന്നില്ല. സുരേന്ദ്രനോട് പറയണമെന്നുണ്ട്. അതിങ്ങനെ പറയേണ്ടതല്ലെന്ന് മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുരേന്ദ്രനല്ല പിണറായി വിജയൻ. അതോർത്തോളണം. അത്രേയുള്ളൂ. ഒരു സംസ്ഥാന പാർട്ടിയുടെ അധ്യക്ഷൻ ഒരടിസ്ഥാനവുമില്ലാതെ വിളിച്ചു പറയുകയാണ്. എന്താണ് ആ മാനസികാവസ്ഥ, എന്താണ് നിങ്ങൾക്ക് തോന്നുന്നത്. നിങ്ങൾക്കും തോന്നേണ്ട കാര്യങ്ങൾ. നിങ്ങളതിന്റെ മെഗാഫോണായി നിന്നാ മാത്രം പോരല്ലോയെന്നും മാധ്യമങ്ങളോടും മുഖ്യമന്ത്രി ചോദിച്ചു.

അത്ര മാനസിക നില തെറ്റിയ ഒരാളെ അവരുടെ പാർട്ടിയുടെ അധ്യക്ഷനായി ഇരുത്തുന്നുണ്ടല്ലോ എന്ന് അവർ ആലോചിക്കേണ്ടതാണ്. അത്രമാത്രം മാനസിക നില തെറ്റിയിട്ടുള്ള ഒരാൾ, സാധാരണ നിലയിലല്ലാതെ പ്രവർത്തിക്കുന്ന ഒരാൾ എന്തും വിളിച്ചു പറയുന്ന ഒരാൾ, സാധാരണ മാനസിക നിലയിൽ അങ്ങനെ പറയില്ല. ആ പാർട്ടിയാണ് അത് ചിന്തിക്കേണ്ടത്, ഞാനല്ല. അയാൾക്ക് രാത്രി എന്തൊക്കെയോ തോന്നുന്നു. രാവിലെ അത് വിളിച്ചുപറയുക. അതിന് ഞാനല്ല മറുപടി പറയേണ്ടത്.

സുരേന്ദ്രന്റെ മാനസിക നില തെറ്റിയിരിക്കുന്നു. അതുകൊണ്ട് എന്തെങ്കിലും വിളിച്ചു പറയുന്നു. അതല്ലല്ലോ വേണ്ടത്. വെറുതെ വിളിച്ചുപറയാലാണോ ഒരാളെപ്പറ്റി. സുരേന്ദ്രൻ എന്തടിസ്ഥാനത്തിൽ പറഞ്ഞു. ശുദ്ധ അപവാദം വിളിച്ചുപറയുമ്പോ അപവാദത്തെ അങ്ങനെ കാണാൻ സമൂഹത്തിന് കഴിയണം. അതാണ് പ്രശ്‌നം. നിങ്ങൾക്കെന്തുകൊണ്ടത് കഴിയുന്നില്ല. നിങ്ങളുടെ മുന്നിൽ എന്തെങ്കിലും വസ്തുതയുണ്ടോ. അനാവശ്യ കാര്യം വിവാദമായി ഉയർത്തിക്കൊണ്ടു വരുമ്പോ അതിന്റെ ഭാഗമായി എന്തിന് നിങ്ങൾ മാറണം. എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അത് ഗൗരവതരമായ ആരോപണമാണോ എന്നും പിണറായി വിജയൻ പറഞ്ഞു.