എന്ത് കോവിഡ് വന്നു, ഓടിയെത്തി നാട്ടുകാര്‍, കരിപ്പൂരില്‍ തീവ്രത കുറച്ചത് മലയാളികളുടെ മനുഷ്യത്വം

മലയാളികളില്‍ പലര്‍ക്കും പല വിശ്വാസവും രാഷ്ട്രീയവുമാണ്. എന്നാല്‍ ഒരു പ്രശ്‌ന ഉണ്ടായാല്‍ മലയാളികള്‍ ഒറ്റക്കെട്ടാണ്. കഴിഞ്ഞുപോയ പ്രളയകാലങ്ങളില്‍ ഏവരും അത് മനസിലാക്കുകയും ചെയ്തതാണ്. ജാതിയും മതവും രാഷ്ട്രീയുവും വലുപ്പച്ചെറുപ്പവും നോക്കാതെ ഒറ്റക്ക് നിന്ന് പോരാടുന്ന മലയാളികളെ പല പ്രാവശ്യം ലോകം കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ കോവിഡ് ഭീതിയെയും കനത്ത മഴയെയും അവഗണിച്ച് മുന്നിട്ടിറങ്ങിയ ഒരു കൂട്ടം ജനങ്ങളാണ് വന്‍ ദുരന്തം ആകുമായിരുന്ന കരിപ്പൂര്‍ വിമാന ദുരന്തത്തെ തടഞ്ഞു നിര്‍ത്തിയത്.

‘ഞമ്മള് ഈ പരിസരത്ത് ഇള്ളതാണ്. വിമാനം കൊറേ നേരിയി എറങ്ങാൻ കയ്യാതെ പറക്ക്ണത് കണ്ടിരുന്നു. നല്ല മഴണ്ടേനി. പിന്നെ വല്ല്യൊരു സൗണ്ട് കേട്ടു. ഇവിടെ എത്തുമ്പ കണ്ടത് ജീവിതത്തിൽ മറക്കാനാത്ത രംഗാണ്. ഒരു വിമാനം ചിന്നിച്ചിതറിക്കിറക്കുന്നു. ആ ഒരു സമയത്ത് ഞമ്മക്ക് കൊറോണ ഇല്ല, മാസ്ക് ഇല്ല, സാമൂഹിക അകലും ഇല്ല, കോണ്ടോട്ടി സ്വദേശി അഷറഫ് പറയുന്നു.37 ആൾക്കാരെണ് ഈ കോണ്ടോട്ടി സ്വദേശി രക്ഷപ്പെടുത്തിയത് കോവിഡ്

കാലമാണ്, പരസ്പരം മനുഷ്യന്‍ ഹസ്തദാനം പോലും നല്‍കാതെ അകന്ന് ജീവിക്കുകയാണ്. കൊണ്ടോട്ടിയും വിമാനത്താവളവും അടങ്ങുന്ന പ്രദേശമാകട്ടെ കണ്ടെയിന്‍മെന്റ് സോണിലും. രാത്രിയില്‍ മഴ നിര്‍ത്താതെ പെയ്യുകയാണ്. ഇതിനിടെയാണ് വലിയ ശബ്ദത്തോടെ വിമാനം പതിച്ചത്. ചുറ്റിനും ഉയരുന്ന നിലവിളികള്‍.

എന്താണെന്ന് ആര്‍ക്കും ആദ്യം മനസിലായി കാണില്ല. എങ്കിലും നാട്ടുകാര്‍ ഓടിയെത്തി. കോവിഡ് കാലമാണ് വന്ദേഭാരത് മിഷന്‍ വിമാനമാണ് തകര്‍ന്ന് കിടക്കുന്നത്. പലരും രോഗബാധിതര്‍ ആയേക്കാം. എന്നാല്‍ ഇതൊന്നും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ നാട്ടുകാര്‍ക്ക് പ്രശ്‌നം ആയിരുന്നില്ല.

ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. പരുക്ക് പറ്റിയവരെയുമായി കിട്ടുന്ന വണ്ടിയില്‍ ആശുപത്രികളിലേക്ക് പാഞ്ഞു. ഇതിനിടെ അമ്മയെയും അച്ഛനെയും കാണാതെ കരഞ്ഞ കുഞ്ഞുങ്ങളെ അവര്‍ക്ക് അരികില്‍ എത്തിക്കാനും നാട്ടുകാര്‍ തന്നെ ഓടി നടന്നു. മറ്റ് വരും വരാഴികകള്‍ ഒന്നും വകവയ്ക്കാതെ പരുക്ക് പറ്റിയവരെ കോരിയെടുത്ത് പലരും ആശുപത്രികളിലേക്ക് ഓടുകയായിരുന്നു. ഇത് തന്നെയാണ് കേരളത്തിന്റെ ബലവും.

ടേബിള്‍ ടോപ്പ് റണ്‍വേയാണ് ദുരന്തത്തിന് കാരണം എന്നാണ് പ്രാധമിക നിഗമനം. 10 വര്‍ഷം മുമ്പ് മംഗലാപുരം എയര്‍പോര്‍ട്ടില്‍ ഉണ്ടായ വിമാനാപകടവും സമാനമായിരുന്നു. മംഗലാപുരത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സമയം എടുത്തു. എന്നാല്‍ കരിപ്പൂരില്‍ എല്ലാം ചടുലമായിരുന്നു. നാട്ടുകാര്‍ കൂടി ഓടിക്കൂടിയതോടെ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ബാഗേജുകള്‍ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്തു. മംഗലാപുരത്ത് നടന്ന അപകടത്തില്‍ ഒരു പൊട്ടിത്തെറി സംഭവിച്ചിരുന്നു. ഇത് ഒഴിവാക്കിയാണ് സ്വന്തം ജീവന്‍ പോലം പണയം വെച്ച് വിമാനം കഴിയുന്നത്ര സുരക്ഷിതമായി പൈലറ്റ് ദീപക് വസന്ത് സാഥെ നിലത്തിറക്കിയത്.