രക്ഷപ്പെടാനുപയോഗിച്ച വാഹനവും ആയുധങ്ങളും പിടിയിൽ ; അമൃത്പാലിനായി തിരച്ചിൽ ഊർജിതം

ജലന്ധര്‍ : അമൃത്പാല്‍ സിങ്ങിനെ പിടികൂടുന്നതിനായി തിരച്ചിൽ ഊർജിതമാക്കി പഞ്ചാബ് പോലീസ്. വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ്ങിന്റെ ഏഴ് കൂട്ടാളികള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇതിനിടെ ഇയാൾ രക്ഷപ്പെടാനുപയോഗിച്ച വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തി. നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അമൃത്പാല്‍ സിങ് ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പ്രതികരിച്ചു.

പഞ്ചാബിലെയും ജലന്ധറിലെയും കൃമസമാധാനനില തൃപ്തികരമാണെന്ന് ജലന്ധര്‍ റൂറല്‍ എസ്.എസ്.പി സ്വര്‍ണദീപ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസിന്റെ കണ്മുന്നിൽ നിന്നുമാണ് സിങ് രക്ഷപ്പെട്ടത്.

20 – 25 കിലോമീറ്ററോളം പോലീസ് സിങ്ങിനെ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ അയാള്‍ രക്ഷപ്പെട്ടു. രക്ഷപ്പെടാനുപയോഗിച്ച വാഹനമടക്കം രണ്ട് വാഹനങ്ങൾ കണ്ടെത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ കേന്ദ്ര ആഭ്യമന്തരമന്ത്രി അമിത് ഷായെ കണ്ടതിന് പിന്നാലെയാണ് അമൃത്പാലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സംസ്ഥാന പോലീസ് ഊര്‍ജിതമാക്കിയത്.

ഇന്ദിരാ ഗാന്ധിയുടെ അവസ്ഥയായിരിക്കും താങ്കള്‍ക്കെന്ന് അമിത് ഷായേയും മുന്‍ മുഖ്യമന്ത്രി ബിയന്ത് സിങ്ങിന്റെ പാതയിലാണ് നിങ്ങളെന്ന് മന്നിനേയും വെല്ലുവിളിച്ചതാണ് അമൃത്പാലിന്റെ അറസ്റ്റിലേക്ക് എത്രയും പെട്ടെന്ന് നീങ്ങാന്‍ കാരണമായത്.