ന​ഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ച രഹ്ന ഫാത്തിമ ഒളിവിൽ, പോലീസിന്റെ റെയ്ഡിൽ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു

സ്വന്തം നഗ്ന ശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സാമൂഹിക മാദ്ധ്യമങ്ങളിലുടെ പ്രചരിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ രഹ്ന ഫാത്തിമ്മയുടെ വീട്ടിൽ പൊലിസ് റെയ്ഡ് നടത്തി. ബാലാവകാശ കമ്മിഷൻ നിർദ്ദേശ പ്രകാരം രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാനാണ് പോലിസ് എത്തിയത്. രഹ്ന താമസിക്കുന്ന ബിഎസ്എൻഎൽ ക്വാർട്ടേഴ്‌സിൽ ഇന്ന് ഉച്ചയോടെയാണ് എറണാകുളം സൗത്ത് പൊലീസ് ഇൻസ്‌പെക്ടർ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡിനെത്തിയത്. വീട്ടിൽ നിന്ന് കുട്ടികളുടെ പെയിന്റിംഗ് ബ്രഷ്, ചായങ്ങൾ, ലാപ്‌ടോപ് തുടങ്ങിയവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ രഹ്ന സ്ഥലത്തില്ലെന്നും കോഴിക്കോട് ആണെന്നും ഭർത്താവ് മനോജ് പൊലീസിനോട് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുമ്പിൽ നഗ്നതാപ്രദർശനം നടത്തിയതും അത് പകർത്തി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും കുറ്റകരമാണെന്ന് പരാതി ഉയർന്നതോടെയാണ് ബാലാവകാശ കമ്മിഷൻ നടപടി. അഭിഭാഷകൻ എ.വി അരുൺ പ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

തന്റെ നഗ്ന ശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്നതിന്റെ വീഡിയോയാണ് രഹ്ന ഫാത്തിമ സാമൂഹ്യ മാദ്ധ്യമത്തിൽ പങ്കുവച്ചത്. ബോഡി ആന്റ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരാണ് രംഗത്തെത്തിയത്

കഴിഞ്ഞ ദിവസമാണ് നഗ്ന വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തത്. പോക്‌സോ ആക്ട് സെക്ഷൻ 13, 14, 15 എന്നിവയും ഐടി ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുൺപ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്‌ക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടിരുന്നു.