രാഹുൽ വയനാട്ടിലെങ്കിൽ മോദി പത്തനംതിട്ടയിൽ: അപ്രതീക്ഷിത ട്വിസ്റ്റുമായി ബിജെപിയും കോൺഗ്രസും; ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സ്റ്റാർവാർ

ന്യൂഡെൽ‌ഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന വാർത്ത പുറത്തു വന്നു നിമിഷങ്ങൾക്കകം പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിൽ ജനവിധി തേടുമെന്ന സൂചനകളും പുറത്ത്. ബിജെപി സീറ്റ് പ്രഖ്യാപനത്തിൽ ഒഴിച്ചിട്ടിരിക്കുന്ന പത്തനംതിട്ട സീറ്റിലേക്കാണ് മോദി ലക്ഷ്യമിടുന്നത്. ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ശ്രദ്ധാകേന്ദ്രമായി.

അപ്രതീക്ഷിതമായിട്ടാണ് രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ച വാർത്ത പുറത്തു വരുന്നത്. ടി. സിദ്ദിഖിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വയനാട് സീറ്റിലേക്ക് രാഹുലിന്‍റെ വരവ്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും രാഹുലിന്‍റെ വരവ് ഉറപ്പിച്ചതോടെ വയനാട് മണ്ഡലം രാജ്യ ശ്രദ്ധ നേടി.

നേരത്തെ കർണാടക പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവു നേരത്തേ കർണ്ണാടകയിൽ നിന്ന് മത്സരിക്കണം എന്നാവശ്യപ്പെട്ട് രാഹുലിന് കത്തയച്ചിരുന്നു. രാഹുൽ കർണ്ണാടകയിൽ നിന്ന് ജനവിധി തേടിയാൽ കോൺഗ്രസ് സംവിധാനം പ്രതിസന്ധികളിൽ നിന്ന് മുക്തമായി സജീവമാകും എന്നായിരുന്നു ദിനേശ് ഗുണ്ടുറാവുവിന്‍റെ നിർദ്ദേശം. ഇതിന് പിന്നാലെ വയനാട്ടിൽ തട്ടി കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ വഴിമുട്ടിയപ്പോൾ ചർച്ചകൾക്കിടെ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ‘രാഹുൽജിക്ക് വയനാട് മത്സരിച്ചുകൂടേ?’ എന്ന് പകുതി തമാശയായും പകുതി കാര്യമായും ചോദിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു.

എന്നാൽ മോദി പത്തനംതിട്ടയിലെത്തുമെന്ന സൂചനകൾ ഇതിനിടെ പുറത്തു വന്നതോടെ കേരളം ശരിക്കും തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങി. നിലവിൽ ശ്രീധരൻപിള്ളയും സുരേന്ദ്രനും പിടിമുറുക്കിയിരിക്കുന്ന മണ്ഡലത്തിൽ മോദിയെത്തുന്നതോടെ ബിജെപി തരംഗം അലയടിക്കും.