രാഹുലിനെ 10 മണിക്കൂർ ഇഡി ചോദ്യം ചെയ്തു, വീണ്ടുമെത്താൻ നോട്ടീസ് നൽകി.

ന്യൂഡൽഹി/ നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ചൊവ്വാഴ്ച പത്ത് മണിക്കൂർ ഇഡി ചോദ്യം ചെയ്തു. വീണ്ടും ചോദ്യം ചെയ്യൽ തുടരും. 10 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് നോട്ടീസ് രാഹുൽ ഗാന്ധിക്ക് ഇഡി നൽകിയിട്ടുണ്ട്.

രണ്ടാം ദിവസം ഡൽഹിയിലെ കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഓഫീസിൽ രാഹുലിനെ 10 മണിക്കൂർ ആണ് ചോദ്യം ചെയ്തത്. കനത്ത സുരക്ഷാ വലയത്തിലാണ് രാവിലെ 11:30 ന് രാഹുൽ ഏജൻസി ഓഫീസിൽ എത്തുന്നത്. വൈകിയാണെങ്കിലും ചൊവ്വാഴ്ച തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അത് കേൾക്കാൻ കൂട്ടാക്കിയില്ല.

കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം ചൊവ്വാഴ്ചയും ഉണ്ടായി. ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തിയ ഹരീഷ് റാവത്ത്, രണ്‍ദീപ് സിങ് സുര്‍ജെവാല തുടങ്ങിയ നേതാക്കളെയും പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. രാഹുൽ ഗാന്ധിയോട് 25 ഓളം ചോദ്യങ്ങൾ ഇഡി ചോദിച്ചതായ റിപ്പോർട്ടുകളാണ് ദേേശീയ മാധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.

നാഷണൽ ഹെറാൾഡ് കേസിൽ ഈ ഇംഗ്ളീഷ്ദിനപത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് പുതുതായുണ്ടാക്കിയ ‘യങ് ഇന്ത്യ കമ്പനി’ ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്നാണ് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ആരോപണം ഉന്നയിച്ചിരുന്നത്.