‘മരംമുറിക്കല്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം, മുഖ്യമന്ത്രിയുടെ പ്രതികരണം എല്ലാ അതിരുകളും ലംഘിച്ചു’ ; വിമർശനവുമായി ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തിലെ പ്രതികരണം എല്ലാ അതിരുകളും ലംഘിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മരംമുറിക്കല്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ മുഖ്യമന്ത്രി കടന്നാക്രമിച്ചത് എല്ലാ പരിധികളും ലംഘിച്ചുകൊണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്നലെ കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ. സുധാകരനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചിരുന്നു. സുധാകരന്റെ ആരോപണങ്ങള്‍ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് മുഖ്യമന്ത്രി ബ്രണ്ണന്‍ കോളജിലെ സംഭവങ്ങള്‍ എണ്ണിപറഞ്ഞത്. ഏകദേശം ഇരുപത് മിനിറ്റ് എടുത്താണ് ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.