മുൻ ഗോവ മുഖ്യമന്ത്രിയും കോൺഗ്രസ് എംഎൽയുമായ രവി നായിക് ബിജെപിയിൽ ചേർന്നു

കോൺഗ്രസ് കോട്ടയിൽ വീണ്ടും വിള്ളൽ വീഴ്ത്തിക്കൊണ്ട്‌ മുൻ ഗോവ മുഖ്യമന്ത്രിയും കോൺഗ്രസ് എംഎൽയുമായ രവി നായിക് ബിജെപിയിൽ ചേർന്നു. രാത്രിയോടെ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ദിന്റെ നേതൃത്വത്തിൽ പാർട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് നായികിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. ബിജെപി ഗോവ അദ്ധ്യക്ഷൻ ഷെട്ട് സദാനന്ദ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാബു കവ്‌ലേക്കർ, വിനയ് തെണ്ടുൽക്കർ, തുടങ്ങിയ പ്രമുഖരും പങ്കെടുത്തു. നായികിന്റെ ബിജെപി പ്രവേശനത്തിന് സാക്ഷിയാകാൻ നിരവധി പ്രവർത്തകരാണ് എത്തിയത്.

അടുത്തിടെയായി കോൺഗ്രസിൽ നിന്നും നിരവധി പേരാണ് ബിജെപിയിൽ ചേരുന്നത്. ഗോവയിൽ മാത്രമല്ല കോൺഗ്രസിൽ നിന്നും ആളുകൾ കൊഴിഞ്ഞു പോകുന്നതെന്നും മറ്റ് സംസ്ഥാനങ്ങളിലും അവസ്ഥ സമാനമാണെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പഖഞ്ഞു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് മാത്രമേ ശക്തമായ നേതൃത്വം സാദ്ധ്യമാകൂവെന്നകാര്യം ഏവർക്കും അറിയാമെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് നായിക് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേരുന്നതായുള്ള വാർത്തകൾ പുറത്തുവന്നത്. പാർട്ടി അംഗത്വം രാജിവെച്ച അദ്ദേഹം ചൊവ്വാഴ്ച ഉച്ചയോടെ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. 2020 ആഗസ്റ്റിൽ അദ്ദേഹത്തിന്റെ മക്കൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെ തന്നെ നായിക്കും ബിജെപിയിൽ ചേരുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഈ അഭ്യൂഹങ്ങൾക്കാണ് ഇപ്പോൾ വിരാമമായത്.