റസ്റ്റോറന്റ് ഉടമയുടെ കൊലപാതകം, ഭാര്യയും കാമുകനും അടക്കം അഞ്ച് പേർ അറസ്റ്റിൽ

ബംഗളൂരു: യുവാവിന്റെ കൊലപാതകത്തിൽ ഭാര്യയും കാമുകനും അടക്കം അഞ്ച് പേർ പിടിയിൽ. റസ്റ്റോറന്റ് ഉടമയും ചന്നസാന്ദ്ര സ്വദേശിയുമായ അരുൺ കുമാർ (34) ആണ് കൊല്ലപ്പെട്ടത്. കേസിൽ ഇയാളുടെ ഭാര്യ രഞ്ജിത (23), കാമുകൻ ഗണേഷ് (26), സുഹൃത്തുക്കളായ ശിവാനന്ദ്, ശരത്, ദീപക് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

സൗത്ത് ബംഗളൂരുവിലെ നൈസ് റോഡിന് സമീപമുള്ള ഗാട്ടിഗെരപാല്യയിൽ നിന്ന് കഴിഞ്ഞ മാസം ഇരുപത്തിയൊൻപതിനാണ് കുമാറിന്റെ മൃതദേഹം ലഭിച്ചത്. ഇയാളുടെ ഭാര്യയുടെ പ്രവർത്തിയിൽ സംശയം തോന്നിയ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിയുടെകൂടി ആവശ്യപ്രകാരമാണ് കാമുകനായ ഗണേഷും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയത്.

കുമാറിന്റെ റസ്‌റ്റോറന്റിലേക്ക് ഗണേഷ് ആയിരുന്നു ആയിരുന്നു വെള്ളം എത്തിച്ചിരുന്നത്. കുമാർ ഗണേഷിൽ നിന്ന് എട്ട് ലക്ഷം രൂപ കടം വാങ്ങിയിരുന്നു, അത് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. ബിസിനസ് നഷ്ടത്തിലായതോടെ റസ്‌റ്റോറന്റ് അടച്ച് പൂട്ടി. ഇതിനിടെ കുമാറിന്റെ ഭാര്യയുമായി ഗണേഷ് അടുത്തു.

നാല് മാസം മുമ്പാണ് കുമാർ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞത്. തുടർന്ന്‌ രഞ്ജിതയെയും ഗണേഷിനെയും താക്കീത് ചെയ്തു. എന്നാൽ ഇരുവരും ബന്ധം നിർത്താൻ തയ്യാറായിരുന്നില്ല. . ഇതറിഞ്ഞ കുമാർ ഭാര്യയെ മർദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുമാറിനെ കൊല്ലാൻ ഇരുവരും പദ്ധതിയിട്ടത്.

ജൂൺ 28 ന് ഗണേഷ്, കുമാറിനെ ഫോണിൽ വിളിച്ച് ഹോട്ടൽ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനായി നേരിൽ കാണണമെന്ന് പറഞ്ഞു. മദ്യലഹരിയിലാണ് കുമാർ എത്തിയത്. തുടർന്ന് പ്രതികൾ യുവാവിനെ ഓട്ടോറിക്ഷയിൽ ഗാട്ടിഗെരപാല്യയിലേക്ക് കൊണ്ടു പോയി. ശേഷം വെട്ടിക്കൊലപ്പെടുത്തി.
ദമ്പതികൾക്ക് രണ്ടു വയസുള്ള ഒരു കുഞ്ഞുണ്ട്.