ഫാ റോബിൻ അമ്മയാക്കിയ പെൺകുട്ടിയെ വിവാഹം ചെയ്യാൻ അനുമതി തേടി ഹൈക്കോടതിയിൽ

കൊട്ടിയൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനായി അനുമതി തേടി ഫാദര്‍ റോബിന്‍ വടക്കുംചേരി. ഇക്കാര്യം ആവശ്യപ്പെട്ട് റോബിന്‍ ഹൈക്കോടതിയെ സമീപിച്ചു. പെണ്‍കുട്ടിയും റോബിനും ഒരുമിച്ചാണ് വിവാഹം കഴിക്കാനുള്ള അനുമതി ആവശ്യപ്പെട്ട ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള പോലീസ് റിപ്പോര്‍ട്ട് ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല ഇവരുടെ കുട്ടിയെ ഏറ്റെടുക്കുന്നതിനുള്ള അനുമതിയും ആവശ്യപ്പെട്ടു.

വിചാരണ വേളയിൽ കോടതിയിലും പെൺകുട്ടി വൈദീകനേ രക്ഷിക്കാൻ ആയിരുന്നു മൊഴി നല്കിയത്. ശാരീരിക ബന്ധം നടത്തുമ്പോൾ തനിക്ക് 17 വയസ് കഴിഞ്ഞിരുന്നു എന്നും സമ്മതത്തോടെ ആയിരുന്നു ബന്ധം എന്നും പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ പെൺകുട്ടിക്ക് പ്രായം തികഞ്ഞിട്ടില്ലായിരുന്നു എന്ന് കോടതി കണ്ടെത്തി. വൈദീകനേ വിവിധ വകുപ്പുകൾ പ്രകാരം 15 കൊല്ലത്തോളം ശിക്ഷിച്ച് ഇപ്പോൾ ജയിലിൽ കഴിയുകയാണ്‌. അതിനിടെയാണ്‌ ഇപ്പോൾ ഇരയും വേട്ടക്കാരനും ഒന്നായി വിവാഹത്തിനു അനുമതി തേടിയത്. ഇപ്പോൾ പ്രായ പൂർത്തിയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഫാ റോബിനു സാധിക്കും. എന്നാൽ ഹൈക്കോടതിയുടെ അനുമതി ഉണ്ടെങ്കിലേ ആ ആവശ്യത്തിനായി പരോളിൽ പുറത്തിറങ്ങാൻ സാധിക്കൂ.

പള്ളി മേടയില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. എന്നാല്‍ അതിന് ശേഷം പിതാവിന്റെ പേര് പറയാന്‍ റോബിന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നു. പിന്നീട് പിതാവ് ഇത് ഏറ്റെടുത്തെങ്കിലും റോബിന്‍ വടക്കുംചേരിയുടെ പദ്ധതികള്‍ പിന്നീട് പാളി. ഇതിനിടെ പത്ത് ലക്ഷം രൂപ നല്‍കി കേസ് ഒത്തുതീര്‍പ്പ് ആക്കാനും ഇയാള്‍ ശ്രമിച്ചു. സംഭവം പുറം ലോകം അറിഞ്ഞതോടെ കുഞ്ഞിനെ അനാഥാലയത്തില്‍ ഏല്‍പപ്പിച്ച് വിദേശത്ത് കടക്കാനും പദ്ധതിയിട്ടു.

മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കാനഡയിലേക്ക് കടക്കാനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് കേസുമായി ബന്ധപ്പെട്ട് റോബിന്‍ വടക്കുംചേരി പിടിയില്‍ ആവുന്നത്. പിന്നീട് രക്ഷപ്പെടാന്‍ പല തന്ത്രങ്ങള്‍ നോക്കിയെങ്കിലും നടന്നില്ല. ഒടുവില്‍ ഡിഎന്‍എ പരിശോധനയ്ക്കിടെ മറ്റൊരാളുടെ രക്തം കൊടുക്കാന്‍ ശ്രമം നടത്തി. എന്നാല്‍ അതും പൊളിഞ്ഞു. ഒടുവില്‍ കുട്ടിയുടെ പിതാവ് റോബിന്‍ തന്നെയെന്ന് വ്യക്തമായി. ഡിഎന്‍എ പരിശോധനയില്‍ പതൃത്വം റോബിന്റേത് തന്നെയാണെന്ന് തെളിഞ്ഞു.

കത്തോലിക്കാ സഭയില്‍ ഉന്നതരായ ബിഷപ്പുമാര്‍ക്ക് വളരെ വേണ്ടപ്പെട്ടവനായിരുന്നു റോബിന്‍ വടക്കുംചേരി. ദൈവവചനം പ്രസംഗിക്കുന്നതില്‍ അഗ്രഗണ്യന്‍, ഇതിനൊപ്പം രാഷ്ട്രീയവും എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് വ്യക്തമായ അറിവുണ്ടായിരുന്ന വ്യക്തി. രൂപത മുന്‍ കോര്‍പ്പറേറ്റ് മാനേജരായിരുന്ന റോബിന്‍ വടക്കുംചേരി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അത്തരത്തിലൊരു പ്രമുഖനെയാണ് സഭ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കുന്നത്.