കാര്‍ കതിര്‍മണ്ഡപമായി, രൂപേഷ് അശ്വതിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി

കട്ടപ്പന : വിവാഹം പലരുടെയും സ്വപ്‌നമാണ്. കോവിഡ് കാലമായതോടെ ആര്‍ഭടങ്ങള്‍ അധികം ഇല്ലാതെയാണ് വിവാഹങ്ങള്‍ നടക്കുന്നത്. മാത്രമല്ല ചിലപപ്പോഴൊക്കെ ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കത്തുമില്ല. കഴിഞ്ഞ ദിവസം കാര്‍ കതിര്‍മണ്ഡപമാക്കേണ്ടി വന്നിരിക്കുകയാണ് വധൂവരന്മാര്‍ക്ക്. വേദി ഒരുക്കിയതാകട്ടെ ക്രിസ്ത്യന്‍ കുടുംബവും. കട്ടപ്പന വലിയപാറ കാവ്യഭവന്‍ കെ ആര്‍ രാജേന്ദ്രന്‍- ഉഷ ദമ്പതികളുടെ മകന്‍ രൂപേഷ് ചന്ദ്രുവിന്റെയും പാറക്കാട് സ്വദേശിനി അശ്വതി മനോജിന്റെയും വിവാഹമാണ് കാറിനുള്ളില്‍ വെച്ച് നടത്തേണ്ടതായി വന്നത്.

ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത് കട്ടപ്പന പേഴും കവല പാക്കനാര്‍ക്കാവ് മഹാദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു. എന്നാല്‍ വിവാഹത്തിന് മണിക്കൂറുകള്‍ ശേഷിക്കി എല്ലാം പ്രതിസന്ധിയിലാക്കി രൂപേഷിന് അപകടം സംഭവിച്ചു. വിവാഹ ആവശ്യത്തിനായി പൂവ് വാങ്ങാന്‍ രാവിലെ കട്ടപ്പന ടൗണില്‍ എത്തിയ രൂപേഷിന്റെ ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ രൂപേഷിന്റെ ഇടത് കാല്‍ ഒടിഞ്ഞു. നിശ്ചയിച്ച വിവാഹം മുടങ്ങാതിരിക്കാനായി പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങി കാറില്‍ ക്ഷേത്രത്തിലേക്ക് പോയി. ഈ സമയം യുവതിയും വരന്റെ ബന്ധുക്കളുമടക്കം ക്ഷേത്രത്തില്‍ എത്തിയിരുന്നു.

ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ കാര്‍ പോകുമായിരുന്നില്ല. രൂപേഷിന് പരുക്ക് കാരണം നടക്കാനാവുന്ന അവസ്ഥയും ആയിരുന്നില്ല. ഒടുവില്‍ ക്ഷേത്രത്തിന് സമീപത്തെ ക്രിസ്ത്യന്‍ കുടുംബമായ ചെമ്പന്‍കുന്നേല്‍ അഗസ്റ്റിന്‍ വിവാഹം തന്റെ വീട്ടുമുറ്റത്ത് നടത്താന്‍ അനുവാദം നല്‍കി. തുടര്‍ന്ന് പാക്കനാര്‍ക്കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തി അദ്വൈത് ഇവിടെയെത്തി ഒരുക്കങ്ങള്‍ നടത്തി. 9.30 നുള്ള മുഹൂര്‍ത്തത്തില്‍ രൂപേഷ് കാറിലിരുന്ന് അശ്വതിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. എട്ടുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് രൂപേഷും അശ്വതിയും വിവാഹിതരായത്. ചടങ്ങ് കഴിഞ്ഞയുടന്‍ നവവരനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വധു രൂപേഷിന്റെ മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്കും പോയി. കാലിലെ പരുക്ക് ഗുരുതരമായതിനാല്‍ രൂപേഷിനെ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കും.