കേരളത്തിന്‍റെ അട്ടിപ്പേര്‍ സഖാക്കള്‍ക്ക് ഇല്ലെന്ന് പറയാന്‍ പിണറായി വിജയന്‍ തയ്യാറാകുമോ?; ഫാത്തിമ തഹിലിയ

കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്‍റെ അട്ടിപ്പേര്‍ ലീഗിനിലെന്ന് പറയുന്ന പിണറായി വിജയന്‍ കേരളത്തിന്‍റെ അട്ടിപ്പേര്‍ സഖാക്കള്‍ക്ക് ഇല്ലെന്ന് കൂടെ പറയാന്‍ തയ്യാറാകുമോ എന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹിലിയ.

എസ്.കെ.എസ്.എസ്.എഫ് പതാക ഉയര്‍ത്തുന്നത് ഡി.വൈ.എഫ്.ഐ തടയുന്ന വാര്‍ത്ത വീഡിയോ സഹിതം പുറത്ത് വന്നിരിക്കുന്നു. കേരളത്തിലെ പ്രബല മതസംഘടനക്ക് പോലും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാതിരിക്കാന്‍ ഉത്തര്‍പ്രദേശ് ആയി മാറിയോ നമ്മുടെ നാട് എന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പതാക ദിനവുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ക്കിറങ്ങിയ സുന്നി വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിട്ട സ്വന്തം പാര്‍ട്ടിക്കാരെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും തഹിലിയ കൂട്ടിച്ചേര്‍ത്തു.