റോസ്മേരിയുടെ മരണം സാഹസിക സ്റ്റണ്ടിനിടെയോ? ആത്മഹത്യയല്ലെന്നു കുടുംബം

കോട്ടയം. ചങ്ങനാശേരി സ്വദേശിനിയായ 20കാരിയെ ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ മുംബൈ പനവേലിലെ റെസിഡൻഷ്യൽ കോംപ്ലക്സിലെ കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയല്ലെന്നു ബന്ധുക്കൾ. അമിറ്റി യൂണിവേഴ്‌സിറ്റിയിലെ ഫാഷൻ ഡിസൈനിംഗ് രണ്ടാം വർഷ വിദ്യാർത്ഥിനിയായ റോസ്മേരി നിരീഷ് എന്ന വിദ്യാർത്ഥിനിയെയാണ് എട്ടാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. അപകടശേഷം നടത്തിയ അന്വേഷണത്തിൽ സാഹസിക സ്റ്റണ്ട് ആണ് മരണത്തിലെത്തിച്ചതെന്നാണ് പോലീസ് പറയുന്നതെങ്കിലും ബന്ധുക്കൾ ഇത് പൂർണമായും വിശ്വസിക്കുന്നില്ല.

ശനിയാഴ്ച സുഹൃത്ത് സംബിത് ലംബുവിന്റെ എട്ടാം നിലയിലെ ഫ്ലാറ്റിൽ കോളേജ് പ്രോജക്റ്റിനായി ഒരു ഷോർട്ട് ഫിലിം നിർമാണം നടക്കുന്നുണ്ടായിരുന്നു. ഇതേ സമുച്ചയത്തിലെ മറ്റൊരു കെട്ടിടമായ ‘മാരിഗോൾഡിന്റെ’ 11-ാം നിലയിലാണ് റോസ്മേരി താമസിച്ചിരുന്നത്. പക്ഷേ അന്നു രാത്രി ലംബുവിന്റെ താമസസ്ഥലത്തായിരുന്നു അവൾ ഉണ്ടായിരുന്നത്.

ഞായറാഴ്ച രാവിലെ 11 മണിയോടെ യുവതിയെ കെട്ടിട സമുച്ചയ പരിസരത്തു വീണുകിടക്കുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരൻ ലംബുവിനെ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴാണ് സുഹൃത്ത് വീണ വിവരം ലംബു അറിഞ്ഞതെന്നാണ് പറയുന്നത്. പൻവേൽ താലൂക്ക് പോലീസ് നടത്തിയ അന്വേഷണത്തിൽ, ബാൽക്കണിയുടെ പുറംഭാഗത്ത് കെട്ടിയ നിലയിൽ താൽക്കാലിക ബെഡ്ഷീറ്റ് കയർ കണ്ടെത്തിയിരുന്നു. യുവതിയുടെ മറ്റ് സഹപാഠികൾ ഏഴാം നിലയിലാണ് താമസിച്ചിരുന്നത്. വാരാന്ത്യത്തിൽ അവർ സ്ഥത്ത് ഉണ്ടായിരുന്നില്ല.

എട്ടാം നിലയിലെ ഫ്ലാറ്റിൽ ശനിയാഴ്ച ലംബുവും മറ്റ് സുഹൃത്തുക്കളും ഷൂട്ടിംഗ് തിരക്കിലായിരിക്കുമ്പോൾ, യുവതി ബെഡ്ഷീറ്റ് കൊണ്ട് കയർ തീർത്ത് ഏഴാം നിലയിലെ ബാൽക്കണിയിൽ കയറി സാഹസിക സ്റ്റണ്ടിന് ശ്രമിച്ചിരുന്നു. തുടർന്ന് സ്ലൈഡിംഗ് വിൻഡോകൾ തുറന്ന് ഹാളിൽ പ്രവേശിച്ച് പുറത്തിറങ്ങി. പിന്നീട് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മെയിൻ ഡോറിൽ നിന്ന് എട്ടാം നിലയിലെ ഫ്ലാറ്റിലേക്കും മടങ്ങുകയുണ്ടായി.

‘യുവതി ഞായറാഴ്‌ച രാവിലെയും അതേ സ്റ്റണ്ടിന് ശ്രമിക്കുകയായിരുന്നു എന്നാണു സംശയിക്കുന്നത്. പിടി നഷ്ടപ്പെട്ടതും താഴേക്കു പതിക്കുകയായിരുന്നിരിക്കാം. പ്രഥമദൃഷ്ട്യാ, മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ല. അന്വേഷണം തുടരുകയാണ്. ഞങ്ങൾ അപകടമരണ റിപ്പോർട്ട് സമർപ്പിച്ചു.’പോലീസ് ഇൻസ്പെക്ടർ ജഗദീഷ് ഷെൽക്കർ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

കോട്ടയത്തെ വ്യവസായിയായ നിരീഷ് തോമസിന്റെ മകളാണ് റോസ്മേരി. 17 വയസ്സുള്ള ഒരു സഹോദരനും ആറ് വയസ്സുള്ള സഹോദരിയും റോസ്മേരിക്ക് ഉണ്ട്. ‘കുടുംബം പൂർണ്ണമായും തകർന്നിരിക്കുന്നു. ഇത് ആത്മഹത്യയല്ലെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോൾ’ പൻവേൽ മലയാളി സമാജം വൈസ് പ്രസിഡന്റും സെന്റ് ജോർജ് പള്ളി ട്രസ്റ്റിയുമായ സണ്ണി ജോസഫ് പറഞ്ഞു.