താഴ്വാരത്തിലൂടെ ശ്രദ്ധേയനായ നടൻ സലിംഘൗസ് അന്തരിച്ചു

ചലച്ചിത്ര- ടെലിവിഷന്‍ താരവും തിയേറ്റര്‍ നടനുമായ സലീം ഖൗസ് അന്തരിച്ചു. 70 വയസ്സായിരുന്നു, ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മുംബൈയിലെ കോകില ബെന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭരതന്‍ സംവിധാനം ചെയ്ത താഴ്‌വാരം എന്ന ചിത്രത്തിലൂടെയാണ് സലീം ഖൗസ് മലയാളത്തില്‍ ശ്രദ്ധ നേടിയത്. ചിത്രത്തിലെ രാഘവന്‍ എന്ന വില്ലന്‍ കഥാപാത്രത്തിന് ഏറെ കയ്യടി ലഭിച്ചിരുന്നു

1987ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ‘സുഭഹ്’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സലിം ഘൗസ് ശ്രദ്ധേയനാകുന്നത്. പിന്നീട് ‘ഭാരത് ഏക് ഘോജ്’ എന്ന പരമ്പരയില്‍ ടിപ്പു സുല്‍ത്താന്‍ ആയി സലിം ഘൗസ് എത്തിയതും ജനശ്രദ്ധനേടി.1989ല്‍ ആയിരുന്നു സലിം ഘൗസ് സിനിമാഭിനയത്തിന് തുടക്കം കുറിച്ചത്. പിന്നീട് പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത ‘വെട്രിവിഴ’ എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ വില്ലനായി അദ്ദേഹം അഭിനയിച്ചു. 1990 ല്‍ മലയാള ചിത്രം താഴ്‌വാരത്തില്‍ രാഘവന്‍ എന്ന വില്ലന്‍ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പിന്നീട് മലയാളത്തില്‍ ഉടയോന്‍ എന്ന സിനിമയിലും ശ്ക്തമായ പ്രകടനം കാഴ്ചവെച്ചു.
1997ല്‍ കൊയ്‌ല എന്ന ഹിന്ദി സിനിമയില്‍ ഷാരൂക്ക് ഖാനോടൊപ്പം അഭിനയിച്ചു.

മലയാളം,തമിഴ്,തെലുങ്കു,ഹിന്ദി ഭാഷകളിലായി മുപ്പതിലധികം സിനിമകളില്‍ സലിം ഘൗസ് എത്തി.
1952 ചെന്നൈയില്‍ ആണ് സലിം അഹമ്മദ് ഘൗസ് ജനിച്ചത്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ചെന്നൈയിലുള്ള ക്രൈസ്റ്റ് ചര്‍ച്ച് സ്‌കൂളിലും പ്രസിഡന്‍സി കോളേജിലുമായിരുന്നു. പിന്നീട് പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും ബിരുദം സ്വന്തമാക്കി. സലിം ഘൗസ് കുടുംബത്തോടൊപ്പം മുംബൈയില്‍ താമസിക്കുകയായിരുന്നു.