ദേഷ്യം വന്നാൽ വല്ലാത്തൊരു അവസ്ഥയാണ്, അച്ഛാ അമ്മ പോയോയെന്ന് മകൻ ചോദിച്ചു- സംയുക്ത

മലയാള സിനിമയിലെ ഏറ്റവും മികച്ച താരദമ്പതിമാരാണേ സംയുക്ത വർമയും ബിജു മേനോനും. ഒന്നിച്ച് സിനിമകൾ ചെയ്തിരുന്ന സമയത്തായിരുന്നു ബിജു മേനോനും സംയുക്ത വർമ്മയും പ്രണയത്തിലായത്. ലൊക്കേഷനിൽ വെച്ച് ഇരുവരും പരസ്പരം സംസാരിക്കാറില്ലായിരുന്നു. ഇതായിരുന്നു പലരും ശ്രദ്ധിച്ചത്. അങ്ങനെയാണ് ഇരുവരും രഹസ്യമാക്കി വെച്ച് പ്രണയം പരസ്യമായത്. വിവാഹത്തോടെയായി സംയുക്ത അഭിനയത്തിൽ നിന്നും ബ്രേക്കെടുക്കുകയായിരുന്നു.

ഇപ്പോളിതാ സംയുക്തയുടെ അഭിമുഖമാണ് വൈറലാവുന്നത്. പൊതുവെ അധികം ദേഷ്യം വരാത്തയാളാണ് ഞാൻ. സത്യം പറഞ്ഞാൽ ദേഷ്യം വന്നിട്ട് അഞ്ചാറ് വർഷമായി. എനിക്ക് ദേഷ്യം വന്നാൽ വല്ലാത്തൊരു അവസ്ഥയാണ്. അത് മാറ്റാനായി നമ്മൾ എന്തും ചെയ്യുമല്ലോ. സാധനങ്ങൾ എറിഞ്ഞ് പൊട്ടിക്കാറൊക്കെയുണ്ട്. ഏതോ ഒരു ഫോറിൻ ട്രിപ്പിനിടയിലാണ് ഒടുവിലായി ദേഷ്യം വന്നത്. അന്ന് ദക്ഷ് കുഞ്ഞാണ്. ഞാൻ രാവിലെ ഒന്ന് പുറത്ത് പോവുന്നുണ്ട്. ഉച്ചയ്ക്ക് ലഞ്ച് കഴിക്കാൻ നമുക്ക് പുറത്തേക്ക് പോവാമെന്നായിരുന്നു ബിജുവേട്ടൻ പറഞ്ഞത്. ബ്രേക്ക് ഫാസ്റ്റൊക്കെ കഴിച്ച് മറ്റ് ജോലികളെല്ലാം ചെയ്ത് ഞാൻ ബിജുവേട്ടൻ വരുന്നതിനായി കാത്തിരിക്കുകയായിരുന്നു.

ഏതോ അറിയാത്ത സ്ഥലമാണ്. ഉച്ച കഴിഞ്ഞിട്ടും ബിജുവേട്ടൻ വന്നില്ല. എന്തോ തിരക്കിൽപ്പെട്ടതായിരിക്കുമെന്ന് കരുതി. ഞാൻ പുറത്ത് ഒരു റസ്റ്റോറന്റിൽ പോയി ദക്ഷിന് ഫുഡൊക്കെ കൊടുത്തു. ബിജുവേട്ടനെ വിളിക്കാനായി ശ്രമിച്ചെങ്കിലും ഫോണിൽ കിട്ടുന്നുണ്ടായിരുന്നില്ല. ദക്ഷ് കുറേനേരം കളിച്ച് കഴിഞ്ഞ് ഉറങ്ങിപ്പോയി. ആറ് മണിയായിട്ടും ബിജുവേട്ടൻ വരാതായതോടെ എനിക്ക് പേടിയായിത്തുടങ്ങി. ഏതോ അറിയാത്ത സ്ഥലത്താണല്ലോ. ഡിന്നർ ടൈമായപ്പോഴും ആൾ എത്തിയിരുന്നില്ല. മോനെ പുറത്ത് കൊണ്ടുപോയി ഞാനും ഫുഡ് കഴിച്ചു. പുറത്തേക്ക് പോവുമ്പോഴും ബിജുവേട്ടൻ എവിടെപ്പോയി, അദ്ദേഹത്തിന് എന്ത് പറ്റിയെന്നൊക്കെയായിരുന്നു മനസിലെ ചിന്ത.

പുലർച്ചെ മൂന്ന് മണിയായപ്പോഴും അദ്ദേഹം എത്തിയിരുന്നില്ല. ഉറക്കം വരാത്തതിനാൽ ഞാൻ ഹോട്ടലിന്റെ താഴെപ്പോയി കോഫി കുടിക്കുകയായിരുന്നു. അപ്പോഴാണ് ഒരാൾ നല്ല സന്തോഷത്തോടെ കയറി വന്നത്. എന്താ ഇവിടെ ഇരിക്കുന്നത്. മൂന്ന് മണിക്ക് എന്തിനാ കാപ്പി കുടിക്കുന്നത് എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. അവിടെ നിന്ന് എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. റൂമിലെത്തിയതും എന്താണ് എറിയേണ്ടത് എന്ന് നോക്കുകയായിരുന്നു. ടേബിൾ ലാമ്പ് എടുത്ത് എറിയാനായി നോക്കുമ്പോഴാണ് മോനുണർന്നത്.

അച്ഛാ നമ്മളെ കൊല്ലുമോയെന്ന് മോൻ ബിജുച്ചേട്ടനോട് ചോദിക്കുന്നുണ്ടായിരുന്നു. ഇല്ലെടാ, നമ്മളെ കൊല്ലില്ലെന്ന് തോന്നുന്നു. മോനെ ബിജുച്ചേട്ടൻ പൊതിഞ്ഞുപിടിക്കുന്നുണ്ടായിരുന്നു. അത് കേട്ടപ്പോൾ എനിക്ക് ചിരി വരുന്നുണ്ടായിരുന്നു. കരച്ചിലും ചിരിയുമൊക്കെ ഒന്നിച്ച് വരുന്നുണ്ടായിരുന്നു. ബാത്ത്‌റൂമിൽ പോയി ഞാൻ കുറേനേരം കരഞ്ഞു. അച്ഛാ അമ്മ പോയോ എന്നൊക്കെ മോൻ ചോദിക്കുന്നുണ്ടായിരുന്നു. ദേഷ്യം വന്നാലും ഇങ്ങനെയൊരു ദേഷ്യം വരരുതെന്ന് അന്നാണ് ഞാൻ തീരുമാനിച്ചത്.

നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ 2002 നവംബർ 21 നായിരുന്നു സംയുക്ത വർമ്മയും ബിജു മേനോനും വിവാഹിതരാവുന്നത്. ചന്ദ്രനുദിക്കുന്ന ദിക്ക് എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുമായിരുന്നു ആദ്യമായി ബിജു മേനോനും സംയുക്ത വർമ്മയും കണ്ടുമുട്ടുന്നത്.ചന്ദ്രനുദിക്കുന്ന ദിക്കിന് ശേഷം മഴ എന്ന ചിത്രത്തിലൂടെയായിരുന്നു ബിജു മേനോനും സംയുക്ത വർമ്മയും വീണ്ടും ഒന്നിച്ചത്. ഈ സിനിമ ശ്രദ്ധേയമായിരുന്നു.

മഴ ഇറങ്ങിയതിന് പിന്നാലെ ആ വർഷം തന്നെ മധുരനൊമ്പരക്കാറ്റ് എന്ന സൂപ്പർ ഹിറ്റ് സിനിമയിലും ഇരുവരും നായിക നായകന്മാരായി അഭിനയിച്ചു. ശേഷം മേഘമൽഹാറാണ് ഈ കൂട്ടുകെട്ടിലെത്തിയ മറ്റൊരു സിനിമ. അടുപ്പിച്ച് അടുപ്പിച്ച് സിനിമകൾ വന്നതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ വന്നു. മേഘമൽഹാറിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് ജീവിതത്തിലും തങ്ങൾ ഒന്നിക്കേണ്ടവരാണെന്ന സത്യം തങ്ങൾ തിരിച്ചറിഞ്ഞതെന്ന് ബിജു മേനോൻ പറഞ്ഞിട്ടുണ്ട്