സഞ്ജിത് കൊലപാതകം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സലാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ആർഎസ്എസ് പ്രവർത്തകനായിരുന്ന സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവ് നെന്മാറ അടിപ്പെരണ്ട സ്വദേശി സലാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് വൈദ്യപരിശോധനയും നടത്തിയിരുന്നു.

ദൃക്‌സാക്ഷികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നലെയാണ് സലാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം മുണ്ടക്കയത്തു നിന്നും കസ്റ്റഡിയിലെടുത്ത മൂന്ന് പേരിൽ ഒരാളാണ് ഇയാൾ. പ്രതി പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിലെ ഭാരവാഹി കൂടിയാണ്. കസ്റ്റഡിയിലുള്ള മറ്റ് പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം. അതേസമയം കേസിൽ അഞ്ച് പ്രതികളുണ്ടെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.

ഭാര്യയുമൊത്ത് നവംബർ 15 ന് രാവിലെ ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് എസ്ഡിപിഐ തീവ്രവാദികൾ സഞ്ജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഭാര്യയുടെ മുൻപിൽ വെച്ചായിരുന്നു ക്രൂരമായ കൊലപാതകം. 31 വെട്ടുകളാണ് ശരീരത്തിൽ ഉണ്ടായിരുന്നത്. കെലാപാതകം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും കേസന്വേഷണം എവിടെയും എത്താതായതോടെ പോലീസ് നടപടികൾക്കെതിരെ പ്രതിഷേധങ്ങൾ ശക്തമായിരുന്നു.