പെണ്‍കുട്ടികളുടെ അധികാരി ചമയുന്ന വീട്ടുകാരെയും കല്യാണമായില്ലേ എന്ന് കുത്തിത്തിരിക്കുന്ന ബന്ധുമിത്രങ്ങളെയും നിലക്കു നിര്‍ത്താന്‍ ഈ നിയമം അത്യാവശ്യമാണ്, ശാരദക്കുട്ടി പറയുന്നു

സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍ നിന്നും 21 ആക്കി ഉയര്‍ത്തുന്ന തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും ഇത് സംബന്ധിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഇപ്പോള്‍ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അധ്യാപികയും സാഹിത്യകാരിയുമായ ശാരദക്കുട്ടി.

21 വയസ്സു വരെ നമ്മുടെ പെണ്‍കുട്ടികളെ വീട്ടുകാര്‍ക്കു വിവാഹത്തിനു നിര്‍ബ്ബന്ധിക്കാന്‍ സാധിക്കില്ല എന്ന ഒറ്റക്കാരണം മതി ആ നിയമം വരുന്നതിനെ എനിക്ക് അനുകൂലിക്കുവാന്‍. ഔദ്യോഗിക ജീവിതത്തിലുടനീളം എല്ലാക്ലാസുകളിലും വര്‍ഷങ്ങളോളം ഞാന്‍ പറഞ്ഞു നടന്നതും ഇതു തന്നെ . പഠനവും എന്തെങ്കിലും തൊഴില്‍ പ്രാപ്തിയും ആകാതെ വിവാഹത്തില്‍ ചെന്ന് തല വെക്കരുതെന്ന്.-ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം, ഒരുപാടു സുഹൃത്തുക്കള്‍ വിവാഹപ്രായ തീരുമാനത്തെ എതിര്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എനിക്ക് ക്ലാസുകള്‍ എടുത്തു തരുന്നുണ്ട്. എന്നാല്‍ പറയട്ടെ, 21 വയസ്സു വരെ നമ്മുടെ പെണ്‍കുട്ടികളെ വീട്ടുകാര്‍ക്കു വിവാഹത്തിനു നിര്‍ബ്ബന്ധിക്കാന്‍ സാധിക്കില്ല എന്ന ഒറ്റക്കാരണം മതി ആ നിയമം വരുന്നതിനെ എനിക്ക് അനുകൂലിക്കുവാന്‍.

ജീവിത പങ്കാളി ഒരു നാള്‍ കയ്യൊഴിഞ്ഞു പോയാലോ മരിച്ചു പോയാലോ അവരുടെ ജീവിതം നിലച്ചു പോകരുതല്ലോ. ആ ദുരന്തങ്ങള്‍ക്കു ശേഷമല്ല അവരുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടത്. രക്ഷകരാകാന്‍ നമുക്ക് വേറെയും അവസരങ്ങള്‍ കിട്ടും.

ഔദ്യോഗിക ജീവിതത്തിലുടനീളം എല്ലാക്ലാസുകളിലും വര്‍ഷങ്ങളോളം ഞാന്‍ പറഞ്ഞു നടന്നതും ഇതു തന്നെ . പഠനവും എന്തെങ്കിലും തൊഴില്‍ പ്രാപ്തിയും ആകാതെ വിവാഹത്തില്‍ ചെന്ന് തല വെക്കരുതെന്ന് . പെണ്‍കുട്ടികളുടെ അധികാരി ചമയുന്ന വീട്ടുകാരെയും കല്യാണമായില്ലേ എന്ന് കുത്തിത്തിരിക്കുന്ന ബന്ധുമിത്രങ്ങളെയും നിലക്കു നിര്‍ത്താനെങ്കിലും ഈ നിയമം അത്യാവശ്യമാണ്. മറ്റൊക്കെ അതിനു ശേഷം .