ആ സമൂഹത്തോട് പോടാ പുല്ലേ എന്നു പറയുക മാത്രമാണ് രഹ്ന ഫാത്തിമ ചെയ്തത്, ശാരദക്കുട്ടി പറയുന്നു

നഗ്ന ശരീരത്തില്‍ മക്കളെ കൊണ്ട് ബോഡി ആര്‍ട്ടിന്റെ പേരില്‍ ചിത്രം വരപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്ക്ക് എതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. ആ സമൂഹത്തോട് ‘പോടാ പുല്ലേ’ എന്നു പറയുക മാത്രമാണ് രഹ്ന ഫാത്തിമ ചെയ്തത്. അതിനുള്ള ധൈര്യമെനിക്കില്ല. നമ്മളില്‍ പലര്‍ക്കുമില്ല. മൂടാന്‍ പറയുമ്പോള്‍ മൂടുകയും അഴിക്കാന്‍ പറയുമ്പോള്‍ അഴിക്കുകയും മാത്രം ചെയ്യുന്നവര്‍ ഇതേ കുറിച്ചെന്തു പറയുന്നു എന്നതു ശ്രദ്ധിക്കേണ്ടതുമില്ല.- ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

”നാണം മറയ്ക്ക് പെയ്ന്റര്‍ പെണ്ണേ” ‘വാട്ട്?’ ചിത്രകാരി ചോദിച്ചു. °മലയാളം” ളൂയി വല്യപ്പുപ്പന്‍ പറഞ്ഞു. മലയാളം തലയിലോടിയതുപോലെ ചിത്രകാരി വേഗം കുളിമുറിയില്‍ ചെന്ന് മുട്ടോളം വരുന്ന വെളുത്ത ഗൗണ്‍ ധരിച്ച് ഇറങ്ങി വന്നു. അമൃതാ ഷെര്‍ഗില്‍ കൊച്ചിയിലെത്തിയതും നഗ്‌നയായ ചിത്രകാരിയെ തൊണ്ണൂറുകാരന്‍ ളുയി വല്യുപ്പാപ്പന്‍ കണ്ടു പരിഭ്രമിച്ചതുമൊക്കെ ‘ലന്തന്‍ബത്തേരിയിലെ ലുത്തീനിയകള്‍’ എന്ന നോവലില്‍ N. S. മാധവന്‍ എഴുതിയിട്ടുണ്ട്.

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ക്ലാസുകളില്‍ ഒരുമിച്ച്, അടുത്തടുത്തിരുത്തി പഠിപ്പിക്കണമെന്ന് പറഞ്ഞാല്‍ ചൂലെടുത്തടിക്കാന്‍ വരുന്ന മലയാളിസമൂഹത്തിലാണ്. സ്ത്രീകള്‍ നല്ലതു ചെയ്താലും ചീത്ത ചെയ്താലും വിവാഹം ചെയ്താലും വിവാഹം മോചിപ്പിച്ചാലും, പ്രണയിച്ചാലും പ്രണയിക്കാന്‍ മനസ്സില്ലെന്നു പറഞ്ഞാലും അവളുടെ ലൈംഗികാവയവങ്ങളെ നോക്കി ആഭാസം പറയുന്ന മലയാളിസമൂഹത്തിലാണ്. ശാസ്ത്രീയമായി ലൈംഗിക വിദ്യാഭ്യാസം കൊടുക്കണം കുട്ടികള്‍ക്ക് എന്നു പറയുമ്പോള്‍ അയ്യേ …ഇച്ചീച്ചി എന്നു പറയുന്ന മലയാളിസമൂഹത്തിലാണ്.

അമ്മയെ പൂജിക്കണമെന്നു പറയുന്ന അതേ നാവുകൊണ്ട്, സ്വന്തം അമ്മയുടെ ലൈംഗികാവയവത്തെയെടുത്ത്, ലോകത്തെ പെണ്ണുങ്ങളെ മുഴുവന്‍ തെറി പറയുന്ന മലയാളിസമൂഹത്തിലാണ്. കൗമാരക്കാരനായ മകന്‍ ഒളിച്ചുവെച്ച് പെണ്ണിന്റെ നഗ്‌നചിത്രങ്ങള്‍ ആസ്വദിക്കുന്നതു കണ്ടപ്പോള്‍, അവന്റെ മുറി മുഴുവന്‍ സ്ത്രീയുടെ നഗ്‌നചിത്രങ്ങള്‍ ഒട്ടിച്ചു കൊടുത്ത മാധവിക്കുട്ടിയെ അപഹസിക്കുകയും അവരുടെ ബുദ്ധിക്കു മുന്നില്‍ തലകുനിക്കാതെ തരമില്ല എന്നു വന്ന ഘട്ടത്തില്‍ തലയിലെടുത്തു വെക്കുന്നതായി അഭിനയിക്കുകയും ചെയ്ത കപട മലയാളിസമൂഹത്തിലാണ്. കുചോന്നതേ.. എന്നും മദാലസാം മഞ്ജുള വാഗ്വിലാസാ എന്നും സംഗീതമപി സാഹിത്യം സരസ്വത്യാ സ്തന ദ്വയം… എന്നും ‘ഭഗ’വതീ, സു’ഭഗേ’… എന്നും പ്രാര്‍ഥിക്കുന്ന മലയാളിസമൂഹത്തിലാണ്.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ വികാരങ്ങളെ മാനിക്കാന്‍ എത്ര വൈകിയ ഒരു മലയാളിസമൂഹത്തിലാണ്. പെണ്‍കുട്ടികളുടെയും അവരുടെ അമ്മമാരുടെയും വേഷങ്ങളെക്കുറിച്ചു തല പുകഞ്ഞിsത്തോളം സമയം മറ്റെന്തെങ്കിലും തല പുകക്കാന്‍ മിനക്കെടാത്ത മലയാളി സമൂഹത്തിലാണ്. ആ സമൂഹത്തോട് ‘പോടാ പുല്ലേ’ എന്നു പറയുക മാത്രമാണ് രഹ്ന ഫാത്തിമ ചെയ്തത്. അതിനുള്ള ധൈര്യമെനിക്കില്ല. നമ്മളില്‍ പലര്‍ക്കുമില്ല. മൂടാന്‍ പറയുമ്പോള്‍ മൂടുകയും അഴിക്കാന്‍ പറയുമ്പോള്‍ അഴിക്കുകയും മാത്രം ചെയ്യുന്നവര്‍ ഇതേ കുറിച്ചെന്തു പറയുന്നു എന്നതു ശ്രദ്ധിക്കേണ്ടതുമില്ല.

ഈ വിഷയത്തെ, ഞാന്‍ ജനിച്ചു വളര്‍ന്ന കാലത്തിന്, ഞാന്‍ പരിശീലിച്ച ശരീരസംസ്‌കാര ബോധ്യങ്ങള്‍ക്ക് പിടി തരാത്ത ഒന്നായതു കൊണ്ട് കൂടുതല്‍ പേരുടെ അഭിപ്രായങ്ങളെ വായിക്കുകയും മനസ്സിലാക്കുകയും, കൂടുതല്‍ പഠിക്കുകയും ചെയ്യുകയാണ്. എന്തായാലും ഞാനുള്‍പ്പെടെ പലര്‍ക്കും ആദ്യമുണ്ടായ വിറയല്‍ മാറിയിട്ടുണ്ട് .കാര്യങ്ങളെ ഇനിയുമിനിയും കൂടുതല്‍ വിവേകത്തോടെ കാണാന്‍ ശ്രമിക്കണമെന്നൊരു പാഠം ഈ വിഷയത്തിലുണ്ട്. എനിക്കു മനസ്സിലാകാത്തതൊന്നും ആര്‍ക്കും മനസ്സിലാകരുതെന്നു ശഠിക്കാന്‍ പാടില്ലല്ലോ.

https://www.facebook.com/saradakutty.madhukumar/posts/3404945332852035