സൗദി മന്ത്രിസഭയില്‍ മാറ്റങ്ങള്‍ വരുത്തി സല്‍മാന്‍ രാജാവ്; സാംസ്‌കാരിക മന്ത്രാലയം രൂപീകരിച്ചു

സൗദി മന്ത്രിസഭയില്‍ മാറ്റങ്ങള്‍. സാംസ്‌കാരിക മന്ത്രാലയം രൂപീകരിച്ചും വിവിധ മന്ത്രിമാരെ മാറ്റിയും സല്‍മാന്‍ രാജാവ് വിജ്ഞാപനം പുറപ്പെടുവിച്ചു. ബദര്‍ ബിന്‍ അബ്ദുള്ളയാണ് പുതിയ സാംസ്‌കാരിക വകുപ്പ് മന്ത്രി. തൊഴില്‍ സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായി അഹ്മദ് അല്‍ റാജിയെ നിയമിച്ചു. സാംസ്‌കാരിക മന്ത്രാലയത്തെ സാംസ്‌കാരിക വിവര മന്ത്രാലയത്തില്‍ നിന്നും വേര്‍പ്പെടുത്തി.

പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുള്ള ബിന്‍ ഫര്‍ഹാനാണ് പുതിയ സാംസ്‌കാരിക വകുപ്പ് മന്ത്രി. അല്‍ ഉല റോയല്‍ കമ്മീഷന്‍ ഗവര്‍ണറാണ് ഫര്‍ഫാന്‍. അലി അല്‍ ഗഫീസിന് പകരം എഞ്ചിനീയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ റാജിയാണ് പുതിയ തൊഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി. ശൈഖ് അബ്ദുല്ലത്തീഫ് അല്‍ ശൈഖാണ് പുതിയ ഇസ്ലാമിക കാര്യ വകുപ്പ് മന്ത്രി. മക്കയടക്കമുള്ള പുണ്യ നഗരങ്ങളുടെ മേല്‍നോട്ടത്തിന് റോയല്‍ കൌണ്‍സിലും രൂപീകരിച്ചു. സ്റ്റേറ്റ് മന്ത്രിയായി ശൈഖ് സാലിഹ് ബിന്‍ അബ്ദുല്‍ അസീസിനാണ് ചുമതല. കിങ് അബ്ദുള്ള ഊര്ജ നഗരത്തിന്റെ പ്രസിഡന്റായി നിയമിക്കപ്പെട്ട ഡോ. ഖാലിദ് ബിന്‍ സാലിഹ് അല്‍ സുല്‍ത്താന് ഇനി കാബിനറ്റ് റാങ്കുമുണ്ടാകും.

ജുബൈല്‍ യാമ്പു റോയല്‍ കമ്മീഷന്‍ ചെയര്‍മാനായി അബ്ദുള്ള ബിന്‍ ഇബ്രാഹിം ബിന്‍ അബ്ദുള്ളക്കാണ് നിയമനം. ഇതിനു പുറമെ വിവിധ മന്ത്രാലയങ്ങളില്‍ പത്തിലേറെ സഹമന്ത്രിമാരെയും നിയമിച്ചിട്ടുണ്ട്.