ജമ്മുവില്‍ പാക് ഷെല്ലാക്രമണം; രണ്ട് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ അഖ്‌നൂരില്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട ബിഎസ് എഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. പ്രകോപനമില്ലാതെ പാകിസ്ഥാന്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നെന്ന് ബിഎസ് എഫ് പറയുന്നു.

പാക് വെടിവെയ്പ്പില്‍ പ്രദേശത്തെ ഗ്രാമവാസികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും സൈന്യം അറിയിച്ചു. അതിര്‍ത്തിയിലെ സാമാധാനം പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളിലേയും മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍മാര്‍ കഴിഞ്ഞാഴ്ചയാണ് തീരുമാനത്തിലെത്തിയത്. 2003ല്‍ നടപ്പിലാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാകിസ്ഥാന്റെ ആക്രമണം.

മെയ് 15 മുതല്‍ 23 വരെ പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായ വെടിന്‍്രത്തല്‍ ലംഘനത്തെ തുടര്‍ന്ന് എട്ടുവയസുള്ള കുട്ടിയടക്കം 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം ഇതുവരെ പാക് വെടിവെയ്പ്പില്‍ 20 സൈനികര്‍ ഉള്‍പ്പടെ 40 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍.