മരിക്കുന്ന സമയത്തും വിസ്മയയുടെ മനസില്‍ ഭര്‍ത്താവ് കിരണിന്റെ മുഖം തന്നെയാകും ഉണ്ടായിട്ടുണ്ടാവുക, സൗമ്യ സരിന്‍ പറയുന്നു

ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ വിസ്മയ മലയാളി സമൂഹത്തിന് ഒന്നാകെ തീരാ നൊമ്പരമാവുകയാണ്. സംഭവത്തില്‍ വലയി ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളില്‍ അടക്കം നടക്കുന്നത്. കല, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പലരും സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. ഇപ്പോള്‍ സംഭവത്തില്‍ ഡോ. സൗമ്യ സരിന്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ്. മരിക്കുന്ന സമയത്തും ഭര്‍ത്താവ് കിരണിനെ വിസ്മയ സ്‌നേഹിച്ചിരുന്നു എന്ന് പറയുകയാണ് സൗമ്യ.

‘പല തവണ ദേഹോപദ്രവം ഏല്‍ക്കേണ്ടി വന്നിട്ടും വിസ്മയ വീണ്ടും അയാളെ സ്‌നേഹിച്ചു കൊണ്ടിരുന്നു. അയാളുടെ കൂടെ അച്ഛനമ്മമാര്‍ വിലക്കിയിട്ടും ഇറങ്ങിപ്പോയി.’ കേട്ടവര്‍ക്ക് പലപ്പോഴും ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടാകും ഈ കാര്യം. ഇത്രയൊക്കെ സഹിച്ചിട്ട് എന്തിനാ ആ കുട്ടി വീണ്ടും അതെ ആളുടെ അടുത്തേക്ക് പോയി എന്ന് പലരും മൂക്കത്തു വിരല്‍ വയ്ക്കുന്നത് കണ്ടു. എനിക്കതില്‍ ഒരത്ഭുതവും തോന്നുന്നില്ല. സ്ത്രീകള്‍ ഒരു സ്‌നേഹബന്ധത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാല്‍ ഇങ്ങനൊക്കെ ആണ്- സൗമ്യ കുറിച്ചു.

സൗമ്യയുടെ കുറിപ്പ്, ‘പല തവണ ദേഹോപദ്രവം ഏല്‍ക്കേണ്ടി വന്നിട്ടും വിസ്മയ വീണ്ടും അയാളെ സ്‌നേഹിച്ചു കൊണ്ടിരുന്നു. അയാളുടെ കൂടെ അച്ഛനമ്മമാര്‍ വിലക്കിയിട്ടും ഇറങ്ങിപ്പോയി.’ കേട്ടവര്‍ക്ക് പലപ്പോഴും ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടാകും ഈ കാര്യം. ഇത്രയൊക്കെ സഹിച്ചിട്ട് എന്തിനാ ആ കുട്ടി വീണ്ടും അതെ ആളുടെ അടുത്തേക്ക് പോയി എന്ന് പലരും മൂക്കത്തു വിരല്‍ വയ്ക്കുന്നത് കണ്ടു. എനിക്കതില്‍ ഒരത്ഭുതവും തോന്നുന്നില്ല. സ്ത്രീകള്‍ ഒരു സ്‌നേഹബന്ധത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാല്‍ ഇങ്ങനൊക്കെ ആണ്. ഈ പറയുന്ന ബന്ധം അവരുടെ ഭര്‍ത്താവിനോട് ആകാം..കാമുകനോടും ആകാം. മനസ്സ് കൊണ്ട് സ്‌നേഹിക്കുന്നവര്‍ ആണവര്‍. മനസ്സ് കൊടുത്തു സ്‌നേഹിക്കുന്നവര്‍. ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നവര്‍. അവിടെ പലപ്പോഴും സമൂഹത്തിന്റെ തെറ്റുകള്‍ അവളുടെ ശരികള്‍ ആയിരിക്കും.

ഈ സ്‌നേഹം പലപ്പോഴും അപകടത്തില്‍ ആക്കുന്നതും സ്ത്രീകളെ തന്നെ ആണ്. ഇവിടെ വിസ്മയക്ക് സംഭവിച്ച പോലെ. എനിക്കറിയാം, മരിക്കുന്ന നിമിഷവും ആ കുട്ടി അയാളെ അത്ര കണ്ട് സ്‌നേഹിച്ചിരിക്കണം. ആ മുഖം തന്നെയാകും അപ്പോഴും അവളുടെ മനസ്സില്‍ ഉണ്ടായിട്ടുണ്ടാകുക. അവനില്‍ നിന്നും അനുഭവിക്കേണ്ടി വന്ന അവഗണനയും അപമാനവും തന്നെയാകും സ്വന്തം ജീവന്‍ പോലും കളയാന്‍ അവളെ പ്രേരിപ്പിച്ചിട്ടുണ്ടാകുക. ഇതാണ് ശരിയായ ‘ ടോക്‌സിക് റിലേഷന്‍ഷിപ് ‘ ചില ബന്ധങ്ങള്‍ അങ്ങിനെ ആണ്. നമ്മെ കെട്ടി വരിഞ്ഞു ശ്വാസം മുട്ടിക്കുന്ന ബന്ധങ്ങള്‍…

നമുക്ക് എല്ലാമെല്ലാം ആയിരുന്നവര്‍, മനസ്സ് കൊടുത്തു നമ്മള്‍ സ്‌നേഹിച്ചവര്‍, നിന്നെ ഞാന്‍ അത്രമേല്‍ സ്‌നേഹിക്കുന്നു എന്ന് നമ്മോട് പറഞ്ഞവര്‍…അവര്‍ക്ക് ഒരു നാള്‍ നമ്മള്‍ ഒന്നും അല്ലാതെ ആകും. നമ്മള്‍ ചെയ്യുന്ന ചെറിയ പിഴകളും വലിയ പാതകങ്ങള്‍ ആയി വ്യാഖ്യാനിക്കപെടും. അകലാന്‍ ആയി അവര്‍ തന്നെ കാരണങ്ങള്‍ കണ്ട് പിടിക്കും. പോകെ പോകെ നമ്മള്‍ അവര്‍ക്ക് അന്യരായി മാറിക്കൊണ്ടിരിക്കും. എന്നിട്ടും നമ്മള്‍ അവരെ സ്‌നേഹിച്ചു കൊണ്ടേ ഇരിക്കും. എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ പരിഭവം പറയും. സങ്കടങ്ങളുടെ ഭാണ്ഡകെട്ട് അഴിക്കും. പക്ഷെ അവരുടെ അവഗണന നമ്മെ തളര്‍ത്തിക്കളയും. പരിഭവം യാചനയായി മാറും. കരഞ്ഞും പറഞ്ഞും അവരുടെ സ്‌നേഹത്തിനായി നമ്മള്‍ കേണു കൊണ്ടിരിക്കും! പക്ഷെ അവര്‍ നമ്മെ നിര്‍ദാക്ഷിണ്യം അവഗണിച്ചു കൊണ്ടേ ഇരിക്കും. ആ അവഗണനയിലും അവരില്‍ നിന്നും ഒരു നല്ല വാക്കിനായി നമ്മള്‍ വൃഥാ ആഗ്രഹിച്ചു കൊണ്ടേ ഇരിക്കും.

ഈ ചക്രവ്യൂഹത്തില്‍ അകപ്പെടുന്നത് അധികവും സ്ത്രീകള്‍ ആയിരിക്കും. ചിലര്‍ക്ക് ഇതില്‍ നിന്ന് രക്ഷ നേടാനാകും. തിരിഞ്ഞു നടക്കാനാകും. എന്നാല്‍ ചിലര്‍ ഇതില്‍ കുരുങ്ങി സ്വയം ഹോമിക്കപെടും. ഇത്തരം ബന്ധങ്ങളില്‍ പെടുന്ന ഓരോ സ്ത്രീയും കരുതുന്നത് അപ്പുറത്തുള്ള ആള്‍ തന്നെ ഒരു നാള്‍ സ്‌നേഹിച്ചിരുന്നു എന്നാണ്. അത് തന്നെ ആണ് വീണ്ടും വീണ്ടും ആ സ്‌നേഹത്തിന് വേണ്ടി യാചിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നതും. എന്നാല്‍ ഈ കെട്ടുപാടുകളില്‍ നിന്ന് രക്ഷപെട്ട സ്ത്രീകള്‍ക്ക് തിരിച്ചറിവുണ്ടാകും! അവര്‍ നമ്മളെ സ്‌നേഹിച്ചിട്ടേ ഇല്ലെന്ന്… ഇല്ല, അയാള്‍ നിങ്ങളെ ഒരിക്കലും സ്‌നേഹിച്ചിരുന്നില്ല! നിങ്ങളെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ച ഒരാള്‍ക്കും നിങ്ങളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്താന്‍ സാധിക്കുകയില്ല! നിങ്ങളെ സ്വന്തം ജീവിതത്തില്‍ നിന്ന് ആട്ടിയകറ്റാന്‍ സാധിക്കുകയില്ല! വിട്ടേക്കുക, തലയുയര്‍ത്തി തിരിഞ്ഞു നടക്കുക!