നെടുങ്കയത്ത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് ക്യാമ്പിനെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ പുഴയിൽ മുങ്ങിമരിച്ചു

മലപ്പുറം: നിലമ്പൂര്‍ നെടുങ്കയത്ത് പുഴയിലിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ചു. തിരൂര്‍ കല്‍പകഞ്ചേരി എം.എസ്.എം. സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമ മുര്‍ഷിന, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷ റുദ എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് ക്യാമ്പിൽ പങ്കെടുക്കുന്നതിന് എത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിനികള്‍ ചുഴിയില്‍പ്പെടുകയായിരുന്നു.

ഇരുവരുടെയും മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി വിട്ടുനല്‍കും.