
ലണ്ടന്‍∙ യുകെയില്‍ ഏഴ് നവജാതശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ആറുകുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത നഴ്സ് ലൂസി ലെറ്റ്ബിക്ക് (33) ജീവിതകാലം മുഴുവന്‍ കോടതി തടവു ശിക്ഷ വിധിച്ചു. മാഞ്ചെസ്റ്റര്‍ ക്രൗണ്‍ കോടതിയുടേതാണ് വിധി. ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ലെറ്റ്ബിക്ക് ഒരിക്കലും പരോള്‍ നല്‍കരുതെന്നും കോടതി ഉത്തരവിട്ടു.
ഏറ്റവും ക്രൂരവും കണക്ക് കൂട്ടിയുമുള്ള ഒരു കൊലപാതക പരമ്പരയാണ് നടന്നതെന്ന് ജസ്റ്റിസ് ജെയിംസ് ഗോസ് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. വിചാരണയ്ക്കിടെ പ്രതിയ്ക്ക് യാതൊരു പശ്ചാത്താപവും ഉണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തി. വിചാരണയ്ക്കിടെ പ്രതിയ്ക്ക് യാതൊരുവിധത്തിലുമുള്ള മനസ്സാക്ഷിക്കുത്തോ, പശ്ചാത്താപമോ ഉണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തി. വിധി കേൾക്കാൻ കോടതിയിൽ മരിച്ച കുട്ടികളുടെ മാതാപിതാക്കൾ ഉൾപ്പെടെ നിരവിധി ആളുകൾ എത്തിയിരുന്നു.
അഞ്ച് ആണ്‍കുഞ്ഞുങ്ങളെയും രണ്ടു പെണ്‍കുഞ്ഞുങ്ങളെയുമാണ് ലൂസി ലെറ്റ്ബി കൊലപ്പെടുത്തിയത്. വടക്കന്‍ ഇംഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ നവജാതശിശുക്കളെ പരിചരിച്ചിരുന്നത് ലെറ്റ്ബിയായിരുന്നു. ‘‘ഞാനൊരു പിശാചാണ്, കുട്ടികളെ നോക്കാന്‍ എനിക്കാവില്ല’’ എന്ന് ലൂസി എഴുതിവച്ച കുറിപ്പ് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 2015-നും 2016-നും ഇടയില്‍ ഇവിടെ ഇവരുടെ ക്രൂരതകള്‍ക്കിരയായത് 13 കുഞ്ഞുങ്ങളാണ്.
രാത്രി ജോലിക്കിടെ വിഷം കലര്‍ത്തിയ ഇന്‍സുലിന്‍ കുത്തിവച്ചും അമിതമായി പാലുകുടിപ്പിച്ചുമൊക്കെയാണു കുഞ്ഞുങ്ങളെ വകവരുത്തിയത്. ഇതിനായി അവർ കൂടുതൽ സമയം ജോലി ചെയ്യാൻ താൽപര്യപ്പെടുകയും ചെയ്തു.