സോളറില്‍ ചര്‍ച്ചയ്ക്ക് അനുമതി, ഗൂഢാലോചന നടന്നുവെന്ന രേഖ സര്‍ക്കാരിന്റെ പക്കലില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ സോളാർ കേസിൽ ഗൂ‍ഢാലോചന നടന്നുവെന്ന സിബിഐയുടെ കണ്ടെത്തലിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി. അടിയന്തര പ്രമേയ നോട്ടിസിൽ സഭ നിർത്തിവച്ച് ഒരുമണിക്കു ചർച്ച നടത്തും. ഗൂഢാലോചന നടന്നു എന്ന രേഖ സർക്കാരിന്റെ പക്കലില്ലെന്നും മാധ്യമങ്ങളിൽ നിന്നുള്ള അറിവു മാത്രമാണുള്ളതെന്നും വിഷയത്തിൽ ചർച്ചയാകാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

കേസിൽ അതിജീവിതയുടെ ആവശ്യപ്രകാരം അന്വേഷണം സിബിഐയെ ഏൽപ്പിച്ചത് സർക്കാരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെയാണ് ഇത്തരമൊരു ചർച്ച നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സോളർ കേസിനായി മുൻ മന്ത്രിയും ഇപ്പോൾ എൽഡിഎഫിന്റെയും ഭാഗമായ കെ.ബി.ഗണേശ് കുമാർ എംഎൽഎ, ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്നു ഗൂഢാലോചന നടത്തിയെന്നാണ് പുറത്തു വരുന്ന വിവരം.

പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും ഇതു പിന്നീട് എഴുതിച്ചേർത്തതാണെന്നും സിബിഐ കണ്ടെത്തിയെന്ന വിവരങ്ങളിൽ പ്രതിഷേധം ആളിപ്പടരുകയാണ്. അതേസമയം സിബിഐ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടും മൊഴിപ്പകർപ്പുകളും പൂ‍ർണമായി പുറത്തുവന്നിട്ടില്ല.