സീരിയല്‍ നടി ശ്രീകല വീണ്ടും അമ്മയായി, അത്ഭുതം സംഭവിക്കാന്‍ കുറച്ച് സമയമെടുക്കുമെന്ന് നടി

മലയാളികളുടെ പ്രിയ മിനിസ്‌ക്രീന്‍ താരമാണ് ശ്രീകല ശശിധരന്‍. എന്റെ മാനസപുത്രി എന്ന പരമ്പരയിലെ സോഫിയ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രീകല ഏറെ ശ്രദ്ധിക്കപ്പെട്ടത്. 2012ലായിരുന്നു ശ്രീകലയുടെ വിവാഹം. സുഹൃത്തായിരുന്ന വപിനാണ് നടിയുടെ ഭര്‍ത്താവ്. വിവാഹശേഷം അഭിനയ രംഗത്ത് നിന്നും നടി വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ശ്രീകല രണ്ടാമതും അമ്മയായി എന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

ഭര്‍ത്താവിനും മകനൊപ്പം വിദേശത്ത് കഴിഞ്ഞ് വരികയായിരുന്നു ശ്രീകല. സോഷ്യല്‍ ലോകത്ത് അടുത്തിടെ നടിയുടെ ചില ചിത്രങ്ങളും വീഡിയോകളും പ്രത്യക്ഷപ്പെട്ടതോടെയാണ് നടി രണ്ടാമതും കുഞ്ഞിന് ജന്മം നല്‍കി എന്ന വിവരവും പുറത്തറിയുന്നത്. കഴിഞ്ഞ മാസം കൈയില്‍ കുഞ്ഞിനെയും പിടിച്ച് ഒരു ഡോക്ടറുടെ കൂടെ നില്‍ക്കുന്ന ഫോട്ടോയാണ് നടി പങ്കുവെച്ചത്. അതിന് നല്‍കിയ ക്യാപ്ഷനില്‍ ഡോക്ടര്‍ അനിത പിള്ളയ്ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ‘നിങ്ങള്‍ എനിക്കായി ചെയ്ത എല്ലാ കാര്യങ്ങളെയും ഞാന്‍ വളരെയധികം അഭിനന്ദിക്കുന്നു. നിങ്ങള്‍ വളരെ സൗമ്യമായി സംസാരിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. നിങ്ങള്‍ വളരെ നൈപുണ്യത്തോടെയും വിവേകത്തോടെയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നിങ്ങള്‍ എന്നെ ആശ്വസിപ്പിച്ചു, നിങ്ങളെ എന്റെ ഡോക്ടറായി ലഭിച്ചതില്‍ ഞാന്‍ വളരെയധികം ഭാഗ്യവതിയാണ്. എല്ലാത്തിനും വളരെ നന്ദി. ഡോ.അനിതാപിള്ള എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയ്ക്ക് ക്യാപ്ഷനായി ശ്രീകല പറഞ്ഞത്.

അതേ സമയം അത്ഭുതങ്ങള്‍ സംഭവിക്കാന്‍ കുറച്ച് സമയം എടുക്കും. ബേബി ഓണ്‍ ദി വേ എന്ന് പറഞ്ഞ് ശ്രീകല പങ്കുവെച്ച വീഡിയോയും വൈറലായിരുന്നു. നിറവയറുമായി നില്‍ക്കുന്ന നടിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം കോര്‍ത്തിണക്കിയതായിരുന്നു വീഡിയോ. ആദ്യത്തേത് ആണ്‍കുട്ടിയാണെങ്കില്‍ രണ്ടാമത്തേത് പെണ്‍കുട്ടി ആണെന്നാണ് വിവരം.

നേരത്തെ അമ്മയുടെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്നും മുക്തമാവാന്‍ ഏറെ സമയം എടുത്തിരുന്നതായി ശ്രീകല പറഞ്ഞിട്ടുണ്ട്. അന്ന് ഭര്‍ത്താവിനെയും മകനെയും ഓര്‍ത്ത് പിടിച്ച് നിന്നെങ്കിലും കൈവിട്ട് പോകുമെന്ന് തോന്നിയപ്പോള്‍ കാര്യം പറഞ്ഞു. താന്‍ വിഷാദത്തിലേക്ക് പോവുന്നതായി മനസിലാക്കിയത് ഭര്‍ത്താവിനോട് പറയുകയായിരുന്നു. അതോടെയാണ് അഭിനയം നിര്‍ത്തി ഭര്‍ത്താവിന്റെ കൂടെ വിദേശത്തേക്ക് താമസിക്കാന്‍ പോയത്. ഭര്‍ത്താവും മകനും ഒപ്പമുള്ളപ്പോള്‍ ഞാന്‍ സന്തോഷവതിയാണെന്നും നേരത്തെ ശ്രീകല പറഞ്ഞിരുന്നു.