മിഠായി കഴിച്ച് വിദ്യാർത്ഥിക്ക് ശാരീരികാസ്വാസ്ഥ്യം; ലഹരിയുടെ സാന്നിധ്യമെന്ന് സംശയം

ആലപ്പുഴ : മിഠായി കഴിച്ച് അഞ്ചാം ക്ലാസുകാരിക്ക് ശാരീരികാസ്വാസ്ഥ്യം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ അമ്പലപ്പുഴയിലുള്ള സ്‌കൂളിലാണ് സംഭവം. ഏഴാം ക്ലാസുകാരി നൽകിയ മിഠായി കഴിച്ച ശേഷമാണ് കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. മിഠായി പ്രദേശത്തെ ഒരു കടയിൽ നിന്ന് വാങ്ങിയതാണെന്ന് വിദ്യാർത്ഥിനി പറഞ്ഞു. എന്നാൽ ഇതിൽ ലഹരിയുടെ സാന്നിധ്യമുണ്ടോയെന്നാണ് സംശയം.

മിഠായി കഴിച്ചയുടൻ കുട്ടിക്ക് തലവേദനയും, നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നു. ഇതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഡിസ്ചാർജ് ചെയ്‌തെങ്കിലും വീട്ടിലെത്തിയ കുട്ടിക്ക് കണ്ണിന് നിറം മാറ്റവും നീരുമുണ്ടായി. ഇതോടെ കുട്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്‌കൂൾ അധികൃതരുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് മിഠായി വാങ്ങിയ കടയിൽ പരിശോധന നടത്തി. ലഹരി കലർന്ന മിഠായിയാണ് ഇതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കുട്ടികളെ വലയിലാക്കാൻ ലഹരി കലർന്ന മിഠായികൾ കടകളിൽ വിൽക്കുന്നതായി പരാതിയുണ്ട്.