ക്ലാസ്സിൽ ദീനാമ്മേടെ രൂപം വിവരിക്കുന്ന ഭാഗം വായിച്ചപ്പോൾ കുട്ടികൾ എന്നെ നോക്കി ചിരിച്ചതോർമ്മയുണ്ട്, കുറിപ്പ്

കറുപ്പിന് ഏഴഴക് എന്നൊക്കെ പറയുമെങ്കിലും വെളുപ്പാണ് സൗന്ദര്യം എന്ന് ിന്തുക്കുന്ന നിരവധി ആളുകൾ സമൂഹത്തിലുണ്ട്. കറുത്ത കളറിന്റെ പേരിൽ കുത്തു വാക്ക് ഏറ്റുവാങ്ങേണ്ടി വരുന്നവരുമുണ്ട്. നിറം കുറഞ്ഞതിന്റെ പേരിൽ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറയുകയാണ് സു​ഗിന എന്ന യുവതി

കുറിപ്പിങ്ങനെ,

എട്യേ ഇത് അന്റെ മക്കളാണോ…?!”മുറ്റത്ത് കളിച്ചോണ്ടിരുന്ന ഛോട്ടാസിനെ ചൂണ്ടിയാണ് ചോദ്യം.ഞാൻ കുഞ്ഞായിരന്നപ്പോൾ വീടിനടുത്ത് വാടകയ്ക്കു താമസിച്ചിരുന്ന ചേച്ചിയാണത്. കുറേ വർഷങ്ങൾക്കു ശേഷം ഇപ്പോഴാണ് കാണുന്നത്. “അതെ”എന്നു പറഞ്ഞു തീർത്തില്ല അപ്പളേക്കും ദേ വരുന്നു അടുത്ത ഡയലോഗ്,”ന്റെ സുഗ്യേ .. രണ്ടും ഓരെ അച്ഛന്റെ കളറാല്ലേ ..അതെന്തായാലും നന്നായി അന്റെ കളറ് കിട്ടാഞ്ഞത് ! ” ഇത് കേട്ടപ്പോകളിച്ചോണ്ടിരുന്ന ന്റെ മൂത്ത പുത്രി ന്നെ ഒരു കാക്ക നോട്ടം നോക്കി ചിരിച്ചു.ഇതിപ്പോ ഇന്നും ഇന്നലേം തൊടങ്ങിയതല്ലല്ലോ…ഷെഡ്‌ഢിയിട്ട് മൂക്കളേം ഒലിപ്പിച്ച് നടക്കണ കാലം തൊട്ടേ കേൾക്കണതല്ലേ . അതോണ്ടന്നെ നിയ്ക്ക് ഇത് വല്യ സംഭവം ഒന്നുമല്ല. എന്നാലും ! നമ്മുടെ പിള്ളേർ അങ്ങനെയല്ലല്ലോ, ഇങ്ങനൊക്കെ കേൾക്കേണ്ടി വരുമ്പോ അവരു കരുതും
ഈ കറുപ്പെന്തോ വല്യ അഗ്ലി ഇഗ്ലി സാമാൻ ആണെന്ന് !

വൺസ് അപ്പോൺ എ ടൈം , ചെറുപ്പത്തിൽ ഞങ്ങള് കളിക്കിടെ പിണങ്ങിയപ്പോ കൂട്ടത്തിലെ ഒരു കുരിപ്പ് . ന്നെ നോക്കി വിളിച്ചു പറഞ്ഞു, ” ടീ കറുപ്പാണ്ട്യേ നിന്നെ പാട്ടേം കുപ്പീം പെറുക്കാൻ വന്നോർടെ കയ്യിന്ന് വാങ്ങ്യേ താ , യ്യ് അന്റെ കളറ് കണ്ടീല്ലേ കറുപ്പ് ” . അത് കേട്ടതും ബാക്കിയുള്ള എല്ലാരും ഓൾടെ ഒപ്പം കൂടി ന്നെ നോക്കി ഇളിച്ചു.സത്യം പറഞ്ഞാൽ അപ്പോൾ നിയ്ക്ക് സങ്കടാണോ ദേഷ്യാണോ എന്താ തോന്നീത് എന്നറീല്ല
പക്ഷേ ആ കൂട്ടത്തിൽ ചേരത്തതാണ് ഞാനെന്ന് തോന്നി , തല താഴ്ത്തി വീട്ടിലേക്ക് ഓടി പോന്നു : കണ്ണാടിയിൽ നോക്കി കുറേ നേരം കരഞ്ഞു അതാണ് നുമ്മ നേരിട്ടറിഞ്ഞ ആദ്യത്തെ വർണ്ണ വിവേചനം. പിന്നങ്ങോട്ട് എത്ര വട്ടം!

ന്റെ കുടുംബത്തിലും ഞാൻ തന്നെയായിരുന്നു നിറം കുറഞ്ഞ കുട്ടി .അതു കൊണ്ട് തന്നെ കല്യാണo പോലെയുള്ള പരിപാടികളിൽ ചെല്ലുമ്പോൾ ഒരാളെങ്കിലും കുശു കുശുക്കുന്നത് കേൾക്കാം , “ഏതാ ആ കറുത്ത കുട്ടി “? നമ്മൾ കേൾക്കാതെയുംനമ്മളെ മുന്നിൽ നിർത്തി കൊണ്ടും ഇങ്ങനെ എത്രയോ തവണ എത്രയോ പേർ ചോദിച്ചിട്ടുണ്ട് എന്നറിയാമോ . ഞങ്ങൾടെ തൊടിയിൽ പോലും എന്നെ കറുത്ത മുത്തേന്ന് കളിയാക്കി വിളിച്ചിരുന്നു ചിലർ.അതു കഴിഞ്ഞ് സ്കൂളി പോയാലോ, അവിടേം ഉണ്ട്. ഞാനാണെങ്കിൽ ഈ ബോബനും മോളിയിലെ പട്ടീടെ കൂട്ടായിരുന്നു ചുമ്മാ അങ്ങ് എല്ലാ പരിപാടിക്കും പോയി പേരു കൊടുക്കും. അന്നേരമാണ് രസം. ഈ ഒപ്പന, ഗ്രൂപ്പ് ഡാൻസൊക്കെ വരുമ്പോൾപെട്ടെന്ന് കാഴ്ചക്കാരുടെ ശ്രദ്ധ കിട്ടാത്ത കോണിലേക്ക് നമ്മളെയങ്ങ് ഒതുക്കും. അത് വല്ലാതെ സങ്കടപെടുത്തീട്ടുണ്ട്.ചുണ്ടില് ഛായവും മുടിയില് തിരുപ്പനും ഒക്കെ വയ്ക്കാനുള്ള കൊതി കൊണ്ട്ആ സങ്കടമൊക്കെ അങ്ങ് സഹിച്ചിട്ടുമുണ്ട്.

പക്ഷേ, മനസ്സിനെ ഏറ്റവും സങ്കടപെടുത്തിയ സംഭവം എന്താണെന്ന് വച്ചാൽ ഓണക്കോടിയും വിഷുക്കോടിയുമൊക്കെ എടുക്കാനായ് കടയിൽ ചെല്ലുമ്പോൾ എന്നെ കണ്ട് അവിടത്തെ ചേച്ചിമാർ കള്ള ചിരിയോടെ ചോദിക്കുന്ന ഒരു ചോദ്യമുണ്ടായിരുന്നു. “ലൈറ്റ് കളർ ഡ്രസ് മതിയല്ലേ കടും കളറൊന്നും ഇവൾടെ നിറത്തിന് ചേരൂല്ലല്ലോ. “അന്ന് മനസ്സിൽ പതിഞ്ഞു പോയ ആ വാക്കുകൾഇന്നും ഏതെങ്കിലും കടയിൽ കയറി സ്വന്തമായി ഒരു തുണി കഷ്ണം തിരഞ്ഞെടുക്കുമ്പോൾ ഉള്ളിൽ നിന്നും തികട്ടി വരാറുണ്ട്.

എല്ലാം പോട്ട്, കെട്ട് കഴിഞ്ഞ് ചെറുക്കന്റെ വീട്ടിലെത്തിയപ്പോപുതുപ്പെണ്ണിനെ കാണാൻ വന്ന വല്ല്യമ്മേടെ വക ദേ കെടക്കുന്നു അടുത്തത് , ” ഓ ചെറുക്കന്റെ നെറത്തിനുതക്ക ഗൊണമൊന്നും പെണ്ണിനില്ല”! അന്നു ഞാൻ മനസ്സിലുറപ്പിച്ചു ഇത് ഇവിടെം കൊണ്ടും തീരാൻ പോണില്ല മോളേന്ന് .അതിന്റെ തുടർച്ചയാണല്ലോ ഇന്ന് കുഞ്ഞുങ്ങളെ ചൂണ്ടി പറഞ്ഞത്.നമ്മൾക്കില്ലാത്ത ആധിയാണ് നമ്മളെ കുറിച്ച് നാട്ടാർക്ക് . മറ്റുള്ളവരുടെ ഉയരം, നിറം, ജോലി, അവരെന്തിടണം , ഏതു കളറിടണം, അവരുടെ മക്കളെന്താ ഇങ്ങനെ , ആ കൊച്ചിനെന്താ അതിന്റെ അച്ഛന്റേം അമ്മേടേം കളറ് കിട്ടാഞ്ഞേ….അവനെന്തിനാ കറുത്ത പെണ്ണിനെ കെട്ടിയേ ….ഇതൊക്കെ ചിലർക്ക് ഇന്നും ഉറക്കം കിട്ടാത്ത പ്രശ്നങ്ങളാണ് ….

ഒരിയ്ക്കൽ ഒൻപതാം ക്ലാസിൽ മലയാളം സെക്കന്റിൽ ദീനാമ്മ എന്ന കഥയിൽ ദീനാമ്മേടെ രൂപം വിവരിക്കുന്ന ഭാഗം വായിച്ചപ്പോൾ കുട്ടികൾ എന്നെ നോക്കി ചിരിച്ചതോർമ്മയുണ്ട്. അതിൽ ദീനാമ്മേടെ അനുജത്തിഅവരോട് പറയുന്നുണ്ട്. “കാക്ക കുളിച്ചാൽ കൊക്കാകുവേല ദീനാമോന്ന് , “അതിന് ദീനാമ്മ പറഞ്ഞൊരു മറുപടിയുണ്ട് , “കുളിക്കാത്ത കൊക്കിനേക്കാൾ കുളിക്കുന്ന കാക്കയാനല്ലതെന്ന് !അതേ എനിയ്ക്കും പറയാനുള്ളൂ ….ഞമ്മള് ഇങ്ങനാണ് ഭായ് അതോർത്ത് ഇങ്ങള് ബേജാറാവണ്ട