ആദ്യം തിരഞ്ഞത് അണലിയെ, പിന്നെ മൂര്‍ഖനെ;ഉത്ര കൊലക്കേസിലെ നിര്‍ണായക കണ്ടെത്തലുകള്‍ ഇങ്ങനെ

കൊല്ലം:കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഉത്ര കൊലക്കേസ് . കൊല്ലപ്പെട്ട ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇന്റര്‍നെറ്റില്‍ അണലി, മൂര്‍ഖന്‍ എന്നിവയെ കുറിച്ച്‌ പരതിയതിന്റെ തെളിവ് ലഭിച്ചെന്ന് തിരുവനന്തപുരം സ്റ്റേറ്റ് സയന്‍സ് ലാബോറട്ടറി സൈബര്‍ വിഭാഗം അസി. ഡയറക്ടര്‍ ഡോ.കെ.പി. സുനില്‍ കോടതിയില്‍ മൊഴി നല്‍കി.

ആറാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി എം. മനോജ് മുന്‍പാകെയാണ് മൊഴി നല്‍കിയത്. മൊബൈല്‍ ഫോണില്‍ നിന്ന് ഒരു ലക്ഷത്തിലധികം വിവരങ്ങള്‍ കണ്ടെടുത്തു. രേഖകള്‍ പ്രകാരം ഉത്രയെ ആദ്യം പാമ്പ്‌ കടിക്കുന്നതിന് മുന്‍പ് അണലി സംബന്ധമായും പിന്നീട് മൂര്‍ഖന്‍ സംബന്ധമായും പരിശോധന നടത്തിയെന്ന് വെളിവായെന്നും അദ്ദേഹം പറഞ്ഞു. അണലിയുടെ കടിയേറ്റ് ചികിത്സയ്ക്കായി കൊണ്ടുചെന്ന തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ ഡോക്ടര്‍മാരായ ഭുവനേശ്വരി, മാത്യു പുളിക്കന്‍, സിറിള്‍ ജോസഫ് എന്നിവരെയും സാക്ഷികളായി വിസ്തരിച്ചു.

ഉത്രയെ അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്നപ്പോള്‍ അവരുടെ നില വളരെ ഗുരുതരമായിരുന്നുവെന്ന് ഭുവനേശ്വരി മൊഴി നല്‍കി. രാവിലെ ഒന്‍പതോടെ എന്തോ കടിച്ചുവെന്നും പതിനൊന്നോടെ വേദനതുടങ്ങിയതെന്നും വാഹനം കിട്ടാത്തത് കൊണ്ടാണ് വരാന്‍ താമസിച്ചതെന്നും സൂരജ് പറഞ്ഞതായി അവര്‍ മൊഴി നല്‍കി. പത്ത് കുപ്പി ആന്റിവെനം കൊടുത്തിട്ടും സ്ഥിതി മെച്ചപ്പെട്ടില്ല. കൃത്യമായ ചികിത്സ നല്‍കിയതിനാലാണ് ഉത്ര അന്ന് രക്ഷപ്പെട്ടതെന്നും മൊഴി നല്‍കി.

പാമ്പ്‌ കടിച്ച ഭാഗത്തെ പേശികളെയും വൃക്കയെയും വിഷം ഗുരുതരമായി ബാധിച്ചിരുന്നുവെന്നാണ് ഡോ. മാത്യുപുളിക്കന്റെ മൊഴി. രാവിലെ എന്തോ കടിച്ചത് പോലെ തോന്നി ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ സാരമില്ലെന്നും വേദന സഹിക്കാതെ രക്തം വന്നപ്പോഴാണ് ആശുപത്രിയില്‍ കൊണ്ടുവന്നതെന്നും ഉത്ര പറഞ്ഞതായി അദ്ദേഹം പറഞ്ഞു. കാലിലെ കടി കൊണ്ട ഭാഗത്തെ പേശികള്‍ നശിച്ചു പോയതിനാല്‍ അതു മുഴുവന്‍ എടുത്തു മാറ്റിയ ശേഷം ഇടതുകാലില്‍ നിന്ന് തൊലിയെടുത്തു ഗ്രാഫ്ട് ചെയ്തുവെന്ന് ഡോ. സിറില്‍ ജോസഫ് മൊഴി നല്‍കി.