ആശുപത്രിയിലാണ് എന്ന വാർത്തകൾ തെറ്റ്; ഞാൻ സുഖമായിരിക്കുന്നു; സുരേഷ് ഗോപി

സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ ചില വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ, സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്ന വാർത്തകൾ തീർത്തും അസത്യമാണെന്ന് പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപി.

‘എന്റെ ആശുപത്രി വാസവുമായി ബന്ധപ്പെട്ട വാർത്തകൾ തെറ്റാണ്. ദൈവാനുഗ്രഹത്താൽ, ഞാൻ പൂർണ്ണമായും സുഖമായിരിക്കുന്നു. ആലുവ യുസി കോളേജിൽ ഗരുഡന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഞാൻ. ആശങ്കകൾ പങ്കുവെച്ചുകൊണ്ടുള്ള എല്ലാ സന്ദേശങ്ങൾക്കും ആശംസകൾക്കും ഒരിക്കൽ കൂടി ഒരായിരം നന്ദി!’- എന്ന് സുരേഷ് ഗോപി ഫേയ്സ്ബുക്കിൽ കുറിച്ചു.

ഗരുഡന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രവും സുരേഷ് ഗോപി പങ്കുവെച്ചിട്ടുണ്ട്. ഏറെ നാളുകൾക്ക് ശേഷം സുരേഷ് ഗോപി- ബിജു മേനോൻ കൂട്ടുക്കെട്ട് ഒന്നിക്കുന്നു എന്നതാണ് നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഗരുഡന്റെ പ്രത്യേകത. ലീഗൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് സിനിമ നിർമ്മിക്കുന്നത്.