ചായകൊടുക്കാനായി വിളിച്ചപ്പോള്‍ പൃഥ്വിരാജ് ഉണര്‍ന്നില്ല, കുഞ്ഞിനെ മരണം തട്ടിയെടുത്തത് പിറന്നാള്‍ മൂന്നാം ആഘോഷത്തിന് എട്ട് ദിവസം മുമ്പ്

ആലുവ: കുഞ്ഞിനെ ഒന്നു പരിശോധിക്കാനായി ആശുപത്രികള്‍ കയറി ഇറങ്ങിയപ്പോള്‍ രാജിനും നന്ദിനിക്കും ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഏത് വിധേനയും തങ്ങളുടെ പൊന്നോമലിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാം എന്ന് അവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ആശുപത്രികള്‍ കയ്യൊഴിഞ്ഞതോടെ ആ മൂന്ന് വയസുകാരന്റെ ജീവന്‍ നഷ്ടമായി. തന്റെ പ്രാണന്‍ പോകുന്നതിനേക്കാള്‍ വേദനയാണ് പടിഞ്ഞാറേ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലം കോടിമറ്റത്തു വാടകയ്ക്കു താമസിക്കുന്ന രാജും ഭാര്യ നന്ദിനിയും അനുഭവിച്ചത്. ഇരുവരുടെയും ഏക മകന്‍ പൃഥ്വിരാജാണ് മരിച്ചത്. അബദ്ധത്തില്‍ ഒരു രൂപ നാണയം വിഴുങ്ങിയ കുഞ്ഞിനെ ആറ് മണിക്കൂറിനിടെ മൂന്ന് ആശുപത്രികളിലാണ് എത്തിച്ചത്. എന്നിട്ടും ആ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനോ പരിശോധിക്കാനോ ഒരു ആശുപത്രിയും തയ്യാറായില്ല. സംഭവത്തിന്റെ കൂടുതൽ വിശദമായ റിപ്പോർട്ടുകൾ ലഭ്യമായി.

എന്നാല്‍ കുഞ്ഞ് മരിക്കാന്‍ കാരണം ചികിത്സയ പിഴവ് അല്ലെന്നാണ് മൂന്ന് ആശുപത്രി അധികൃതരും പറയുന്നത്. കളമശേരി മെഡിക്കല്‍ കോളേജില്‍ ഇന്ന് കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ആലുവ ജില്ലാ ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജിലും കുട്ടിയെ എത്തിച്ചെങ്കിലും വിഴുങ്ങിയ നാണയം തനിയെ പുറത്ത് പൊക്കോളും എന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ മടക്കി അയയ്ക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. മാത്രമല്ല കണ്ടെയ്‌മെന്റ് സോണില്‍ നിന്നും എത്തിയതിനാലാണ് ആലപ്പുഴയില്‍ നിരീക്ഷണത്തില്‍ വെയ്ക്കാതെ തിരിച്ചയച്ചതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

മൂന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ എട്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു പൃഥ്വിരാജ് മരണപ്പെട്ടത്. പൃഥ്വിരാജിന്റെ പിതാവ് രാജ് ബംഗളൂരുവില്‍ സ്വകാര്യ കമ്പനി സൂപ്പര്‍വൈസറാണ്. കോവിഡ് വ്യാപന മേഖലയായതിനാല്‍ ഇന്ന് കൊല്ലത്ത് നടത്തുന്ന സംസ്‌കാരത്തിനു പോകാനും സാധിക്കില്ല.

കുഞ്ഞിനെ ആയി ആലുവ ജില്ല ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിയപ്പോള്‍ പീഡിയാട്രീക് സര്‍ജന്‍ ഇല്ലെന്നായിരുന്നു മറുപടി. പഴവുപം ചോറും കഴിച്ചാല്‍ നാണയും തനിയെ പോകുമെന്നാണ് ആലുവയിലെ ഡോക്ടറുടെ പ്രതികരണം. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നായതിനാല്‍ കിടത്താനാവില്ലെന്നും പഴവും ചോറും നല്‍കിയിട്ടും പോയില്ലെങ്കില്‍ 3 ദിവസം കഴിഞ്ഞുവരാനും പറഞ്ഞാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്നു മടക്കിയത്. ചികിത്സ ആവശ്യമില്ലെന്ന അനുമാനത്തില്‍ പിഴവില്ല. നാണയം ആമാശയത്തിലെത്തിയതായി ആലുവയിലെയും ആലപ്പുഴയിലെയും എക്‌സ്‌റേയില്‍ വ്യക്തം. തൊണ്ടയിലോ ശ്വാസനാളത്തിലോ തങ്ങാതെ നാണയം വയറ്റിലെത്തിയാല്‍ വിസര്‍ജന വേളയില്‍ പുറത്തുപോകാന്‍ സമയം നല്‍കുകയാണു ചെയ്യുക. വീട്ടില്‍ മടങ്ങി എത്തിയ കുഞ്ഞ് വയറ് വേദനയാല്‍ കരയുകയായിരുന്നു. അടുത്ത ദിവസം കുഞ്ഞിനെ വിളിച്ചപ്പോള്‍ ഉണര്‍ന്നില്ല. ചായകുടിക്കാനായി അമ്മ വിളിച്ചപ്പോള്‍ അനക്കമില്ലായിരുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് മരിച്ചുവെന്ന് വ്യക്തമായത്.

പൃഥ്വിരാജിനെ രക്ഷിക്കാന്‍ ഓടിയിട്ടും വിടപറഞ്ഞ വേദനയില്‍ ഓട്ടോഡ്രൈവര്‍ ബാബു

നാണയം വിഴുങ്ങിയ പൃഥ്വിരാജുമായി കലങ്ങിയ കണ്ണുകളുമായി നിന്ന അമ്മ നന്ദിനിക്ക് അരികിലേക്ക് സഹായ ഹസ്തവുമായി എത്തിയത് സാധരണക്കാരനായ ഒരു ഓട്ടോ ഡ്രൈവറായ ബാബു വര്‍ഗീസ്. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ജില്ലാ ആശുപത്രിയുടെ പടിക്കല്‍ എന്ത് ചെയയ്ണമെന്ന് അറിയാതെ നിന്ന നന്ദിനിയെ കണ്ടപ്പോള്‍ ഒമ്പത് മാസം മുമ്പ് താന്‍ കടന്ന് പോയ അവസ്ഥയാണ് അതെന്ന് ബാബുവിന് മനസിലായി. ഒരു നിമിഷം പോലും വൈകാതെ ബാബു പൃഥ്വിരാജിനെയും അമ്മയെയും അമ്മൂമ്മയെയും ഓട്ടോയില്‍ കയറ്റി സൗജന്യമായി എറണാകുളം ആശുപത്രിയില്‍ എത്തിച്ചു. 500 രൂപ നല്‍കി സഹായിക്കുകയും ചെയ്തു.

തുടര്‍ന്ന് ആലപ്പുഴയിലേക്ക് മൂവരെയും ആംബുലന്‍സില്‍ കയറ്റി വിട്ടതും ബാബു തന്നെയായിരുന്നു. കയ്യില്‍ കാശില്ലാതെ നന്ദിനി വീണ്ടും സഹായത്തിനായി വിളിച്ചപ്പോള്‍ രാത്രി ആലുവയില്‍ നിന്നും ആലപ്പുഴ വരെ ഓട്ടോയില്‍ ചെല്ലുകയും മൂവരെയും വീട്ടില്‍ കൊണ്ട് വിടുകയും ചെയ്തു. ഇത്രയും ഒക്കെ ചെയ്തിട്ടും ആ കുരുന്നിന് ജീവന്‍ നഷ്ടമായല്ലോ എന്ന വിഷമത്തിലാണ് ബാബു.

ചൂര്‍ണിക്കര പഞ്ചായത്തില്‍ മട്ടമ്മേല്‍ റോഡില്‍ വാടകയ്ക്കു താമസിക്കുന്ന ബാബു സ്വന്തം ദുരിതം പോലും മറന്നാണ് പൃഥ്വിരാജിനെ സഹായിച്ചത്. ബാബുവിന്റെ ഇളയ മകന്‍ സെബിന്‍ (19) കൂട്ടുകാരനൊപ്പം വടുതലയില്‍ റെയില്‍പാളത്തിലൂടെ നടക്കുന്നതിനിടെ ട്രെയിന്‍ തട്ടി അരയ്ക്കു താഴെ തളര്‍ന്നു കിടപ്പാണ്. കഴിഞ്ഞ ഒക്ടോബര്‍ 17നായിരുന്നു അപകടം. അവിടെ ഒരു സ്ഥാപനത്തില്‍ ഓഫിസ് ബോയ് ആയിരുന്നു സെബിന്‍. ട്രെയിന്‍ വരുന്നതറിഞ്ഞ് ഓടിമാറാന്‍ ശ്രമിക്കുന്നതിനിടെ ഷൂ പാളത്തില്‍ കുരുങ്ങിയാണ് അപകടം സംഭവിച്ചത്.

സെബിനെ രാത്രി കൊച്ചിയില്‍ ഒരു ആശുപത്രിയില്‍ കൊണ്ടുചെന്നെങ്കിലും ഡോക്ടര്‍ ഇല്ലെന്നു പറഞ്ഞു മടക്കി അയച്ചു. മറ്റൊരു ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ 6 ലക്ഷം രൂപ ചികിത്സാ ചെലവു കെട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടു. പിന്നീടു കോട്ടയം മെഡിക്കല്‍ കോളജില്‍ 3 ശസ്ത്രക്രിയ നടത്തിയാണു ജീവന്‍ നിലനിര്‍ത്തിയത്. മൂത്ത മകനും ബാബുവും ശ്വാസതടസ്സം ഉള്ളവരാണ്. കയ്യില്‍ എപ്പോഴും ‘ഇന്‍ഹെയ്‌ലറു’മായാണു ബാബു ഓട്ടോ ഓടിക്കുന്നത്.