വൈദീകരുടെ ബലാൽസംഗം, മാപ്പ് പറഞ്ഞ് രൂപത, 2വൈദീകരുടെ കുപ്പായം ഊരി

ഫാ.മാത്യൂ മുല്ലപ്പള്ളി, ഫാ.ജോസഫ് പൂത്തോട്ടാല്‍

അടുത്ത ദിവസങ്ങളില്‍ സീറോ മലബാര്‍ സഭയെ പിടിച്ചുലച്ച വൈദികന്റെ ബലാത്സംഗ കുറ്റ സമ്മതം പുതിയ തലത്തിലേക്ക്. ഇതുമായി ബന്ധപ്പെട്ട് 2 വൈദികര്‍ ബ്രഹ്മചര്യം ലംഘിച്ചു എന്നും ഗുരുതരമായ പാപങ്ങള്‍ ചെയ്തു എന്നും സഭ കണ്ടെത്തി. തലശേരി അതിരൂപതയില്‍പെട്ട പൊട്ടന്‍പ്ലാവ് ഇടവകയിലെ വികാരിമാരായിരുന്ന ഫാ.ജോസഫ് പൂത്തോട്ടാല്‍, ഫാ.മാത്യൂ മുല്ലപ്പള്ളി എന്നിവരുടെ കുപ്പായം ഉറി വയ്പ്പിച്ചിരിക്കുകയാണ് സഭ ഇപ്പോള്‍. ഇതുമായി ബന്ധപ്പെട്ട് തലശേരി അതിരൂപത അറിയിപ്പ് വന്നു കഴിഞ്ഞു.

വിശദീകരണക്കുറിപ്പ് ഇങ്ങനെ: തലശേരി അതിരൂപതയില്‍പെട്ട പൊട്ടന്‍പ്ലാവ് ഇടവകയിലെ വികാരിമാരായിരുന്ന ഫാ.ജോസഫ് പൂത്തോട്ടാല്‍, ഫാ.മാത്യൂ മുല്ലപ്പള്ളി എന്നിവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി ഇരുവര്‍ക്കും പൗരോഹിത്യ ശുശ്രൂഷയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി അറിയിക്കുന്നു. അതിരൂപതാംഗമായ ഫാ. മാത്യു മുല്ലപ്പള്ളിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആരോപണങ്ങള്‍ ഉള്‍പ്പെട്ട ഫോണ്‍ സംഭാഷണം പുറത്തുവന്ന ദിനംതന്നെ അന്വേഷണ കമ്മീഷനെ നിയമിക്കുകയും അദ്ദേഹത്തെ അജപാലന ശുശ്രൂഷയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. സന്യാസ സഭാംഗമായ ഫാ.ജോസ് പൂത്തോട്ടാലിനെതിരെ നടപടി സ്വീകരിക്കാന്‍ പ്രസ്തുത സഭയുടെ മേലധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സന്മാതൃക നല്‍കേണ്ട വൈദീകരരുടെ ഭാഗത്തുനിന്നും വിശ്വാസികള്‍ക്ക് ഇടര്‍ച്ചയുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ സംഭവിച്ചതിന് ദൈവജനത്തോട് അതിരൂപത മാപ്പുചോദിക്കുന്നു. സംഭവങ്ങളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ശബ്ദരേഖയില്‍ നിന്ന് ആരോപണങ്ങള്‍ അറിഞ്ഞയുടന്‍ നിയമാനുസൃതമായ നടപടികള്‍ എടുത്ത അതിരൂപതയ്‌ക്കെതിരെ നിക്ഷിപ്ത തല്‍പര്യങ്ങളോടെ ചിലര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ അവഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ആവശ്യമായ നിയമനടപടി അതിരൂപത സ്വീകരിച്ചിട്ടുണ്ടെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.

അതേസമയം, ഓഡിയോ പുറത്തുവന്നപ്പോഴാണ് സംഭവം അറിയുന്നതെന്ന് തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി ‘മംഗളം ഓണ്‍ലൈനോട്’ പറഞ്ഞു. ഇതുസംബന്ധിച്ച് അതിരൂപതയ്ക്ക് ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല. ആരോപണം നേരിടുന്ന സ്ത്രീ തനിക്ക് പരാതി അയച്ചിരുന്നുവെന്ന് പറയുന്നത് ശരിയല്ല. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഓഡിയോ ശ്രദ്ധയില്‍പെട്ടതേ നടപടിയെടുത്തുവെന്നും അന്വേഷണത്തിന് കമ്മീഷന് നിയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ബിഷപ് പാംപ്ലാനിയുടെ വാദം ശരിയല്ലെന്നും ആരോപണം നേരിടുന്ന സ്ത്രീ മാസങ്ങള്‍ക്കു മുന്‍പേ ബിഷപിനെ വിളിച്ച് പരാതി പറഞ്ഞിരുന്നുവെന്നും മാത്യൂ മുല്ലപ്പള്ളി എന്ന വൈദികന്‍ നടത്തിയ വാട്‌സ്ആപ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് അയച്ചുനല്‍കിയിരുന്നുവെന്നും അവര്‍ ബിഷപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ വ്യക്തമാക്കുന്നു. അതിരൂപതയിലെ ഉന്നതര്‍ തന്നെ ഇടപെട്ട് വിവാദം അവസാനിപ്പിക്കാന്‍ മുന്‍പ് ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്.

അതിനിടെ, നാലു വര്‍ഷത്തോളമായി പൊട്ടന്‍പ്ലാവ് ഇടവകയിലെ വൈദിക മന്ദിരത്തില്‍ സ്ത്രീകളുമായി അവിഹിത ബന്ധങ്ങള്‍ നടന്നിരുന്നുവെന്നും അതിന്റെ ദൃശ്യങ്ങള്‍ ഇടവകയിലെ ചില വ്യക്തികളുടെ കൈവശമുണ്ടെന്നും വ്യക്തമാക്കുന്ന ഓഡിയോ സന്ദേശങ്ങളും പുറത്തുവന്നു. ഇതുസംബന്ധിച്ച് അതിരൂപതയ്ക്ക് പരാതി ലഭിച്ചിരുന്നുവെന്നും അന്വേഷണത്തിനായി പരാതിക്കാരില്‍ നിന്നും വാങ്ങിയ ഓഡിയോ റെക്കോര്‍ഡുകള്‍ വൈദികര്‍ തന്നെയാണ് പുറത്തുവിട്ടതെന്നും ഇടവകയില്‍ നിന്നുള്ള ഒരു വ്യക്തി ‘മംഗളം ഓണ്‍ലൈനോട്’പറഞ്ഞു. ഓഡിയോ പുറത്തുവന്നതോടെ, അതിന്റെ നിജസ്ഥിതി അന്വേഷിച്ച വിശ്വാസികള്‍ക്ക് ചില വൈദികര്‍ വഴിയാണ് ഓഡിയോ പുറത്തുവന്നതെന്ന മറുപടിയാണ് കിട്ടിയത്.

അതിരൂപതയിലെ ഉന്നതനില്‍ നിന്ന് തനിക്ക് ഭീഷണി വന്നതോടെയാണ് അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം തെളിവിനായി താന്‍ ഓഡിയോ കൈമാറിയതെന്നും ഇദ്ദേഹം പ്രതികരിച്ചു. ആരോപണം നേരിടുന്ന സ്ത്രീയേയും ഭര്‍ത്താവിനെയും സംരക്ഷിച്ച് തന്നെ, അവരെ ഉപയോഗിച്ചു ഇല്ലായ്മ ചെയ്യാനും ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. വൈദികരെ കുറിച്ചുള്ള ആരോപണം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയും അതിരൂപതയുടെ ഭാഗത്തുനിന്ന് വന്നതായി അതിരൂപതാംഗങ്ങളായ ചില വ്യക്തികളും പ്രതികരിച്ചു. തങ്ങളുടെ ആരോപണം സത്യമാണെന്ന് സമ്മതിക്കുന്നതാണ് അതിരൂപതയുടെ വിശദീകരണക്കുറിപ്പെന്നും ഇവര്‍ പറഞ്ഞു.

ആരോപണം നേരിടുന്ന വൈദികര്‍ രണ്ടുപേര്‍ക്കും പല സ്ത്രീകളുമായും വഴിവിട്ട ബന്ധമുണ്ടെന്നു തെളിയിക്കുന്ന ദൃശ്യങ്ങള്‍ പരാതിക്കാരുടെ കൈവശമുണ്ടെന്നാണ് സൂചന. ഈ വൈദികര്‍ പ്രായപൂര്‍ത്തിയാകാത്ത ചില കുട്ടികളെയും ദുരുപയോഗിച്ചിരുന്നുവെന്ന ഗുരുതരമായ ആരോപണവും ഓഡിയോ സംഭാഷണത്തിലുണ്ട്. വൈദികരോട് ഇക്കാര്യം ചോദിക്കുമ്പോള്‍ അവര്‍ നിഷേധിച്ചിട്ടില്ല. മറ്റ് സ്ത്രീകളുമായി ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധം നടന്ന വാദം അംഗീകരിച്ചാല്‍ തന്നെ, കുട്ടികളെ ഇവര്‍ ദുരുപയോഗിച്ചത് പോക്‌സോ വകുപ്പ് പ്രകാരം നിയമനടപടി നേരിടേണ്ട അതീവ ഗുരുതരമായ കുറ്റകൃത്യവുമാണ്