കസ്റ്റഡിയിലെടുത്ത പ്രതി പോലീസിനെ വെട്ടിച്ച് കടന്നു, വ്യാപക തിരച്ചിൽ

തിരുവനന്തപുരം: യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. കാരക്കോണം സ്വദേശി ബിനോയ് എന്ന അച്ചൂസ് ആണ് പൊലീസിന്റെ കണ്ണ് വെട്ടിച്ച് ചാടിപ്പോയത്. ഇന്നലെ രാത്രി രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

കാരക്കോണം സ്വദേശിയായ സുദേവനെ പ്രതിയും സുഹൃത്തും ചേർന്ന് കഴിഞ്ഞ ദിവസമാണ് ആക്രമിച്ചത്. സുദേവിന്റെ വീടിന് മുന്നിൽ നിന്ന് യുവാക്കൾ അസഭ്യം പറയുകയും ഈ വാക്കുതർക്കം പിന്നീട് കയ്യേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. പ്രതികൾ യുവാവിന്റെ മുഖത്ത് കല്ല് കൊണ്ടടിച്ച് ഇടിക്കുകയായിരുന്നു.

അടിപിടിക്കിടെ ബിനോയിയുടെ കൈക്കും പൊട്ടലേറ്റിരുന്നു. ഇതിന്റെ ചികിത്സയിലിരിക്കെയാണ് ബിനോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് ഇയാൾ മുങ്ങുകയായിരുന്നു. ഇയാൾക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തുകയാണ്.