പെന്തകോസ്ത് സഭയുടെ കോടികളുടെ സ്വത്തുക്കൾ അമേരിക്കൻ മലയാളികൾ തട്ടിയെടുത്തു

തിരുവല്ലാ കേന്ദ്രമായി പ്രവർത്തിക്കുന്ന ശാരോൺ ഫെലോഷിപ്പ് ചർച്ച് പെന്തക്കോസ്ത് സഭയുടെ  കോടികൾ വിലമതിക്കുന്ന സ്ഥലവും ബഹുനില കെട്ടിടവും സഭാ സ്ഥാപകരായ പിതാവും മാതാവും ചേർന്നെഴുതി വെച്ച വിൽപത്രം മറച്ചു വെച്ച് മകനും ഭാര്യയും ചേർന്ന് വ്യാജ ഭാഗപത്രം ചമച്ച് രഹസ്യമായി തട്ടിയെടുത്തു.

തിരുവല്ലാ നഗരഹൃദയത്തിലുള്ള ഷാരോൺ ഫെലോഷിപ്പ് ചർച്ചിൻ്റെ 33 സെൻ്റ് സ്ഥലവും ബൈബിൾ കോളേജ് പ്രവർത്തിച്ചു വരുന്ന 5 നില
കെട്ടിടവുമാണ് സഭയുടെ അന്താരാഷ്ട പ്രസിഡൻ്റ് കൂടിയായ പാസ്റ്റർ ജോൺ തോമസും ഭാര്യ സൂസൻ ജോൺ തോമസും ചേർന്ന് പിതാവും മാതാവും ചേർന്ന് എഴുതി വെച്ച വിൽപത്രം മറച്ചുവെച്ച് വ്യാജമാർഗ്ഗങ്ങളിലൂടെ തട്ടിയെടുത്തത്. ഇരുവരും ഇപ്പോൾ അമേരിക്കയിലാണ്. ജോൺ തോമസിന് us പൗരത്വമുണ്ട്. ഭാര്യ സൂസൻ ജോൺ തോമസ് ഗ്രീൻ കാർഡ് ഹോൾഡറാണ്. ഷാരോൺ ഫെലോഷിപ്പ് ചർച്ച് പെന്തക്കോസ്ത് സഭയുടെ സ്ഥാപകൻ പാസ്റ്റർ പി.ജെ. തോമസിൻ്റെ മകനാണ് പാസ്റ്റർ ജോൺ തോമസ്. തട്ടിപ്പു സംഭവം പുറത്തായതോടെ വിശദീകരണം തേടിയ സഭാ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾക്ക് പാസ്റ്റർ ജോൺ തോമസും ഭാര്യ സൂസൻ ജോൺ തോമസും തിരുവല്ലാ സബ്ബ് കോടതിയിൽ നിന്നും, മുൻസിഫ് കോടതിയിൽ നിന്നും കാവിയറ്റ് നോട്ടീസ് നല്കി.

ഇതിൻ്റെ കാലാവധി ദിവസം കഴിഞ്ഞതിനാൽ കഴിഞ്ഞ ദിവസം പത്തനംതിട്ട വെക്കേഷൻ കോടതിയിൽ നിന്നും വീണ്ടും കാവിയറ്റ് നോട്ടീസ് നല്കി. കാവിയറ്റിനു വേണ്ടി പത്തനംതിട്ട വെക്കേഷൻ കോടതിയിൽ സമർപ്പിച്ച ഇരുവരുടെ അപേക്ഷയിലെ ഒപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി നോട്ടീസ് കൈപ്പറ്റിയവർ പറയുന്നു. കാവിയറ്റ് അപേക്ഷ നല്കിയിരിക്കുന്നത് 2024 ഏപ്രിൽ 15 നാണ്. ഇതിൽ ഇവരുടെ ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്നതിൽ കൃത്രിമം നടന്നതായാണ് കാവിയറ്റ് ലഭിച്ചവർക്കിടയിലെ സംശയം. കാരണം പാസ്റ്റർ ജോൺ തോമസും ഭാര്യയും ഇപ്പോൾ അമേരിക്കയിലാണ്. കക്ഷികൾക്ക് കിട്ടിയ കാവിയറ്റ് നോട്ടീസിൽ ഇരുവർക്കും വേണ്ടി ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്നത് വക്കീലാണ്. നിയമപരമായി ഇവർ ആർക്കെങ്കിലും

Power off Attorny നല്കിയിട്ടുള്ളതായി സഭാ നേതൃത്വത്തിന് അറിവുമില്ല. പാസ്റ്റർ PJ തോമസും ഭാര്യ ഏലിയാമ്മ തോമസും ചേർന്ന് 1997-ൽ തയ്യാറാക്കി തിരുവല്ലാ സബ്ബ് രജിസ്ട്രാർ ആഫീസ്സിൽ രജിസ്റ്റർ ചെയ്ത 34-ാം നമ്പർ വിൽപത്ര പ്രകാരം ശാരോൺ ബൈബിൾ കോളേജും കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലവും പബ്ലിക്ക് റിലീജിയസ് Trust ആണ്. 1983 – ലെ 226-ാം നമ്പർ പ്രമാണപ്രകാരവും സ്ഥലവും ബൈബിൾ കോളേജും Trust ൻ്റെതാണ്. ഇത് വിൽപത്രത്തിൽ 3-ാം പേജിൽ D ഷെഡ്യൂളിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരുവല്ലാ ടൗണിൻ്റെ ഹൃദയ ഭാഗത്തുള്ള ഈ സ്ഥലത്തിന് സെൻ്റിന് 40 ലക്ഷത്തോളം വിലമതിക്കും.

സർക്കാർ ഫെയർ വാല്യു ഇവിടെ ഒരു ആറിന് 39 ലക്ഷമാണ്. വിശ്വാസികളിൽ നിന്നും, വിദേശത്തെ മിഷൻ സംഘടനകളിൽ നിന്നും സ്വരൂപിച്ച സാമ്പത്തിക സഹായ മുപയോഗിച്ച് സഭാ സ്ഥാപകൻ പാസ്റ്റർ പി.ജെ. തോമസ് സഭക്കുവേണ്ടി വാങ്ങിയതാണ് തിരുവല്ലാ നഗരഹൃദയത്തിലെ സ്ഥലവും അതിൽ പണികഴിപ്പിച്ച ശാരോൺ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന ബഹുനില കെട്ടിടവും.

ഈ ‘ കെട്ടിടവും കെട്ടിടം സ്ഥിതി ചെയ്യുന്നതുൾപ്പെടെ 33 സെൻ്റ് സ്ഥലവും ശാരോൺബൈബിൾ കോളേജിന് പൂർണ്ണമായും അവകാശപ്പെട്ടതാണെന്നും Trust ൻ്റെ അതാതു കാലത്തെ ഭരണകർത്താക്കൾ ഈ സ്ഥലവും കെട്ടിടവും കൈവശം വെച്ച് അതിൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് സുഗമമായി നടത്തി കൊള്ളേണ്ടതാണെന്നും സുഗമമായ പ്രവർത്തനം നടത്തിക്കൊണ്ടു പോകുവാൻ തൻ്റെ മക്കളായ മൂത്ത മകൻ പാസ്റ്റർ ജോൺ തോമസും, ഇളയ മകൻ കുര്യൻ തോമസും തുടർന്നും നേതൃത്വം നല്കേണ്ടതാണെന്നും തങ്ങൾ ഇരുവരുടേയും കാലശേഷമേ വിൽപത്രത്തിന് സാധുതയുണ്ടാവൂ എന്നുമാണ് 1997-ൽ പാസ്റ്റർ പി.ജെ. തോമസും ഭാര്യ ഏലിയാമ്മ തോമസും തയ്യാറാക്കി തിരുവല്ലാ സബ്ബ് രജിസ്ട്രാർ ആഫീസ്സിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിൽപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. പാസ്റ്റർ പി.ജെ. തോമസും ഭാര്യ ഏലിയാമ്മ തോമസും മരിച്ചു.

ഇവർക്ക് രണ്ട് മക്കളാണുണ്ടായിരുന്നത്. മൂത്തത് പാസ്റ്റർ ജോൺ തോമസും ഇളയത് കുര്യൻ തോമസും.ഇളയ മകൻ കുര്യൻ തോമസിന് 25 വർഷം മുമ്പുവരെ മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. മാനസിക പ്രശ്നങ്ങളുണ്ടായിരുന്ന ഇളയ സഹോദരനെ വിൽപത്രത്തിലെ വ്യവസ്ഥകൾ മറച്ചുവെച്ച് കബളിപ്പിച്ച് ജോൺ തോമസ് 2009-ൽ 3065 -ാംനമ്പരായി വ്യാജ ഭാഗപത്രം തയ്യാറാക്കി. അതിൽ ശാരോൺ ബൈബിൾ കോളേജിൻ്റെ 5 നില കെട്ടിടവും അത് സ്ഥിതി ചെയ്യുന്ന സ്ഥലവും ജോൺ തോമസ് തൻ്റെ പേരിലും അവിടെ ആറര സെൻ്റ് സ്ഥലം മാത്രം ഇളയ സഹോദരൻ കുര്യൻ തോമസിന് നല്കുന്നതായി ഷെഡ്യൂളിൽ കാണിച്ചാണ് ഭാഗപത്രം തയ്യാറാക്കിയത്. 2021-ൽ കുര്യൻ തോമസ് മരിച്ചു.

ഈ ഭാഗപത്രം ഉപയോഗിച്ച് ജോൺ തോമസ് 5 നില ബൈബിൾ കെട്ടിടവും 33 സെൻ്റ് സ്ഥലവും തൻ്റെ ഭാര്യ സൂസൻ ജോൺ തോമസിൻ്റെ പേരിൽ 2023 ഒക്ടോബർ 4 – ന് ധനനിശ്ചയ ആധാരം രജിസ്റ്റർ ചെയ്തു കൊടുത്തു. അതായത് പൂർണ്ണമായും റിലീജിയസ് ട്രസ്റ്റിന് അവകാശപ്പെട്ടതാണെന്ന് വിൽപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്ന കോടികൾ വിലമതിക്കുന്ന 33 സെൻ്റ് സ്ഥലവും 5 നില കെട്ടിടവും ജോൺ തോമസ് വ്യാജമാർഗ്ഗത്തിലൂടെ കൈവശപ്പെടുത്തി തട്ടിയെടുത്തു. എന്നു മാത്രമല്ല ഭാര്യയുടെ പേരിൽധന നിശ്ചയഉടമ്പടിയുമുണ്ടാക്കി. അതുവഴി ഒരു പബ്ലിക്ക് റിലീജിയസ് ട്രസ്റ്റിന് അവകാശപ്പെട്ട കോടികൾ വില മതിപ്പുള്ള സ്വത്തുവകകൾ അന്യാധീനപ്പെട്ടു പോകുകയാണ്.

ട്രസ്റ്റിന് അവകാശപ്പെട്ട സ്ഥലവും കെട്ടിടവും വ്യാജമാർഗ്ഗത്തിലൂടെ കൈവശപ്പെടുത്തിയതും, ഭാര്യയുടെ പേരിൽ ധനനിശ്ചയ ഉടമ്പടി രജിസ്റ്റർ ചെയ്തതുമായ വിവരം പുറത്തായതോടെ ശാരോൻ ഫെലോഷിപ്പ് സഭ എക്സിക്യൂട്ടീവ് കൗൺസിൽ ജോൺ തോമസിനോട് വിശദീകരണം തേടിയപ്പോൾ കെട്ടിടവും സ്ഥലവും റിലീജിയസ് ട്രസ്റ്റിന് തിരികെ എഴുതി നല്കാമെന്ന് പാസ്റ്റർ ജോൺ തോമസ് എക്സിക്യൂട്ടീവ്കൗൺസിൽ മുമ്പാകെ സമ്മതിച്ചിരുന്നതായും എന്നാൽ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും അതിന് തയ്യാറാകുന്നില്ലായെന്നുമാണ് സഭാ എക്സിക്യൂട്ടീവ് കൗൺസിലിലെ അംഗങ്ങൾ നല്കുന്ന വിവരം. സഭയുടെ അന്താരാഷ്ട്ര പ്രസിഡൻ്റായിരിക്കുന്ന പാസ്റ്റർ ജോൺ തോമസ് സ്വന്തം സഭയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെ 1 3 പേർക്കാണ് കാവിയറ്റ് നല്കിയിരിക്കുന്നത്.

സഭാവിശ്വാസികളേയും സഭാ നേതൃത്വത്തേയും ഭയപ്പെടുത്തി യും സ്വാധീനിച്ചും തനിക്ക് അനുകൂലമായ നിലപാട് നേടിയെടുക്കാനുള്ള ഗൂഢ നീക്കമാണ് പാസ്റ്റർ ജോൺ തോമസ് നടത്തുന്നതെന്നാണ് ജോൺ തോമസിൻ്റെ നടപടികളെ എതിർക്കുന്ന സഭയിലെ വിശ്വാസിവിഭാഗം പറയുന്നത്.

സഭയുടെ ഭാവി പ്രവർത്തനങ്ങൾ ഗുരുതരമായി ബാധിക്കും വിധം സഭയുടെ ആസ്ഥാനമായ തിരുവല്ലാ നഗരത്തിൻ്റെ കണ്ണായ ഭാഗത്ത് സഭക്ക് പൂർണ്ണമായും അവകാശപ്പെട്ട ഇത്രയും വിലമതിപ്പുള്ള സ്ഥലവും കെട്ടിടവും അന്യാധീനപ്പെട്ടു പോകുന്നത് കൈയും കെട്ടി നോക്കി നില്ക്കുകയാണ് നിലവിലെ സഭാ നേതൃത്വം. സഭയുടെ സ്വത്ത് കൈവിട്ടുപോകുന്നത് തിരിച്ചു പിടിക്കാൻ നിയമ നടപടികൾക്ക് മുതിരാതെ കുറ്റകരമായ അനാസ്ഥ കാട്ടുകയാണ് സഭാ നേതൃത്വം. ഇതിനെതിരേ ശക്തമായ പ്രതിഷേധം സഭാവിശ്വാസികൾക്കിടയിൽ ഉയർന്നു വരുന്നു. ഈ സ്ഥലവും കെട്ടിടവും തിരിച്ചു ലഭിക്കണമെങ്കിൽ ഇനി പാസ്റ്റർ ജോൺ തോമസിൻ്റെ ഭാര്യ സമ്മതിക്കണം. കാരണം എല്ലാം ഇപ്പോൾ അവരുടെ പേരിലാക്കിയിരിക്കുന്നു. ഷാരോൺ ഫെലോഷിപ്പ് ചർച്ചിന് ഇൻഡ്യയിലെ മിക്ക സംസ്ഥാനങ്ങളിലും നേപ്പാളിലും വിദേശ രാജ്യങ്ങളിലും വേരുകളുണ്ട്.