നിയമക്കുരുക്കൊരുക്കാൻ വീണ്ടും ഉദ്ധവ്, വിഷയത്തില്‍ ഇടപെടില്ലെന്ന് കോടതി.

 

മുംബൈ/ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ശനിയാഴ്ച വിമത എംഎല്‍എമാരെ നിയമസഭയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നിരാശമാത്രം ബാക്കി. ഉദ്ധവ് താക്കറെയുടെ ആവശ്യം സുപ്രീംകോടതി നിരസിക്കുകയായിരുന്നു. വിഷയത്തില്‍ ഇടപെടില്ലെന്നാണ് കോടതി ഇക്കാര്യത്തിൽ മറുപടി പറഞ്ഞത്.

ശനിയാഴ്ച നടക്കുന്ന നിയമസഭ സമ്മേളനത്തിന് തടസ്സമില്ലെന്ന് പറഞ്ഞ കോടതി കേസ് 11ന് കേള്‍ക്കാമെന്നും ഉദ്ധവിനെ അറിയിക്കുകയായിരുന്നു. ഏക്‌നാഥ് ഷിന്‍ഡേ സത്യപ്രതിജ്ഞ ചെയ്തതോടെ അയോഗ്യനായി എന്നായിരുന്നു ഉദ്ധവ് വിഭാഗം കോടതിയിൽ വാദിച്ചത്. എന്നാല്‍ വിഷയത്തില്‍ അടിയന്ത്രിമായി ഇടപെടാന്‍ സാധിക്കില്ലായെന്ന് കോടതി വ്യക്തമാക്കി. ഉദ്ധവ് പക്ഷത്തിന് വേണ്ടി മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍സിബലാണ് സുപ്രീം കോടതിയിൽ ഹാജരായത്.

ഉദ്ദവ് താക്കറെയ്ക്കും ശിവസേനയ്ക്കും നല്‍കിയ മധുരപ്രതികാരമാണ് ഷിന്‍ഡെയുടെ മുഖ്യമന്ത്രിപദം കൊണ്ട് ബിജെപിയും ഫഡ്‌നാവിസും ലക്ഷ്യമിട്ടിരുന്നത്. പാര്‍ട്ടികള്‍ പിന്തുടരുന്ന കുടുംബാധിപത്യം തകര്‍ക്കുക എന്നാണ് ബിജെപി നിര്‍ണായക നീക്കത്തിലൂടെ കണ്ടിരുന്നത്. ഒപ്പം, ബാല്‍ താക്കറെയ്ക്കും ഹിന്ദുത്വയ്ക്കും നല്‍കുന്ന ബിജെപിയുടെ ആദരവ് കൂടിയാണ് ഷിന്‍ഡെയുടെ മുഖ്യമന്ത്രിപദം.

അതേസമയം, ഒന്നിച്ചു നിന്ന് തെരഞ്ഞെടുപ്പിനു നേരിട്ട് വിജയിച്ച് അധികാരത്തിലേറിയ ശേഷം ചതിയിലൂടെ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ട വന്ന ശേഷം ദേവേന്ദ്ര ഫഡ്‌നാവിസ്അസംബ്ലിയില്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുകയാണ്. ബിജെപി അംഗം നിതീഷ് റാണെ ഒരാഴ്ച മുന്‍പാണ് പ്രസംഗം ട്വീറ്റ് ചെയ്തിരുന്നത്.