CRPF ജവാന്‍ പോളിങ് ബൂത്തിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍, സംഭവം വോട്ടിങ് തുടങ്ങുന്നതിന് തൊട്ട് മുൻപ്

കൂച്ച്ബിഹാര്‍ : തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സി.ആര്‍.പി.എഫ്. ജവാനെ പോളിങ് ബൂത്തിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പശ്ചിമബംഗാളിലെ കൂച്ച്ബിഹാറില്‍ ആണ് സംഭവം. വോട്ടിങ് തുടങ്ങുന്നതിന് അല്‍പസമയം മുമ്പാണ് ഇവിടുത്തെ ശൗചാലയത്തില്‍ ജവാനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ശൗചാലയത്തില്‍ തെന്നിവീണ് നിലത്ത് തലയിടിച്ചാണ് ജവാന്‍ മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു. തല തറയിലിടിച്ച് ഉണ്ടായ ക്ഷതം ആണോ മരണകാരണമെന്ന് അറിയേണ്ടതുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ ഇത് വ്യക്തമാകു. സംഭവത്തിന് പിന്നാലെ കനത്ത സുരക്ഷയിലാണ് ഇവിടെ വോട്ടിങ് ആരംഭിച്ചത്.

വടക്കന്‍ ബംഗാളിലെ പ്രധാനപ്പെട്ട മണ്ഡലമാണ് കൂച്ച്ബിഹാര്‍. 2021-ലെ തിരഞ്ഞെടുപ്പിലും ഇവിടെ സംഘര്‍ഷം നടന്നിരുന്നു. അന്ന് സിതല്‍കുച്ചി പോളിങ് ബൂത്തിന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരും പ്രശ്‌നക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ വെടിയേറ്റ് മരിച്ചിരുന്നു. ഇതിനുപിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിങ് നിര്‍ത്തിവെച്ചിരുന്നു.