വിഴിഞ്ഞം സമരം; കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തീർപ്പാക്കി

തിരുവനന്തപുരം. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സമരം ഒത്തുതീര്‍പ്പായെന്ന് സര്‍ക്കാരും സമരപ്പന്തല്‍ വ്യാഴാഴ്ച പൊളിച്ചുനീക്കുമെന്ന് സമരസമിതിയും പറഞ്ഞു. ചരക്കുവാഹനങ്ങള്‍ പ്രവേശിക്കാന്‍ പ്രത്യേക അനുമതി വേണമെന്ന് നിര്‍മാണ കമ്പനി ഹൈക്കോതിയില്‍ കോടതില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. പ്രശ്‌നങ്ങള്‍ വഷളാക്കേണ്ടെന്ന് വാക്കാല്‍ കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് 140 ദിവസം നീണ്ട സമരം ഒത്തുതീര്‍പ്പായത്. ഉന്നയിച്ച എല്ലാ കാര്യങ്ങളിലും തീരുമാനമായില്ലെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച്.പെരേര അറിയിച്ചു. കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പ്രതിമാസ വാടക 5,500 രൂപ തന്നെയാണ്.

പഠനസമിതിയില്‍ പ്രാദേശിക പ്രതിനിധി വേണമെന്നതിലും തീരുമാനമായില്ല. തീരശോഷണത്തില്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്ന് സമരസമിതി അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാമെന്നാണ് ധാരണ. തുറമുഖ സെക്രട്ടറിയും കമ്മിറ്റിയില്‍ അംഗമാണ്. തുറമുഖ നിര്‍മാണം തടസ്സപ്പെടുത്തില്ലെന്ന് സമരസമിതി അറിയിച്ചു.