ഒരു ശുപാർശ കത്തിന് 10000 കൈക്കൂലി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് വിജിലൻസ് പിടിയിലായി.

 

ഇടുക്കി/ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് വിജിലൻസ് പിടിയിലായി. സബ്സീഡിക്കായി മെമ്പറുടെ കത്തിന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കൊക്കയാർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് കെ എൻ ദാനിയേലാണ് വിജിലൻസിന്റെ പിടിയിലായത്. പടുതാകുളം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ശുപാർശ കത്ത് നൽകുന്നതിനാണ് ദാനിയേൽ പണം ആവശ്യപ്പെട്ടത്. തുക വാങ്ങുന്നതിനിടെയായിരുന്നു പിടിയിലായത്.

കൃഷി ആവശ്യത്തിന് സബ്സീഡി ആവശ്യപ്പെട്ട വ്യക്തിയോടാണ് ദാനിയേൽ കൈക്കൂലി ആവശ്യപ്പെടുന്നത്. പരാതിക്കാരൻ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി നടത്തുന്നതിന് പടുതാക്കുളം നിർമിക്കുന്നതിനായി സബ്സിഡി ലഭ്യമാക്കുന്നതിന് കൊക്കയാർ കൃഷി ഭവനിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ പഞ്ചായത്ത് മെമ്പറുടെ കത്ത് വേണമെന്ന് കൃഷിഭവനിൽ നിന്ന് അറിയിച്ചു. ഇതനുസരിച്ച് വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ സമീപിച്ചപ്പോഴാണ് ദാനിയേൽ പണം ആവശ്യപ്പെടുന്നത്..

ശുപാർശ കത്ത് തരാം പതിനായിരം രൂപ തനിക്ക് നൽകണമെന്നായിരുന്ന ദാനിയേൽ പറഞ്ഞത്. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. മേഖലാ വിജിലൻസ് എസ് പി വി ജി വിനോദ്കുമാറിന്‍റെ നിർദ്ദേശാനുസരണം ഇടുക്കി വിജിലൻസ് ഡിവൈഎസ്പി ജെ സന്തോഷ്കുമാർ, ഇൻസ്പെക്ടർമാരായ ടിപ്സൺ തോമസ്, ജയകുമാർ, മഹേഷ് പിള്ള , ഫിറോസ്, എസ്ഐ മാരായ സന്തോഷ്കുമാർ , സുരേഷ്കുമാർ, എഎസ്ഐ മാരായ സ്റ്റാൻലി തോമസ്, സഞ്ജയ് കെജി, ബിജു വർഗീസ്, ബേസിൽ പി ഐസക്ക്, ബിനോയി തോമസ്, സിപിഒമാരായ പിവി ഷിനോദ്, സന്ദീപ് ദത്തൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദാനിയേലിനെ പിടികൂടിയത്.