ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസര്‍മാരായി കേരളത്തില്‍ നിന്നു എന്‍ഐഎ തിരഞ്ഞെടുത്ത ലിസ്റ്റ് പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചു.

തിരുവനന്തപുരം. ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസര്‍മാരായി കേരളത്തില്‍ നിന്നു എന്‍ഐഎ തിരഞ്ഞെടുത്തവരുടെ ലിസ്റ്റ് പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചതായ റിപ്പോർട്ടുകൾ പുറത്ത്. ഡെപ്യൂട്ടേഷനായി എന്‍ഐഎ തിരഞ്ഞെടുത്ത ഒന്‍പതുപേരില്‍ നാലുപേരെ പിണറായി സര്‍ക്കാര്‍ നിഷ്ക്കരുണം വെട്ടുകയായിരുന്നു.

സര്‍ക്കാരിനു ആഭിമുഖ്യമില്ലാത്തതിനാലാണ് എന്‍ഐഎ സെലക്റ്റ് ചെയ്ത നാല് മിടുക്കരെ വെട്ടി ലിസ്റ്റിൽ സര്‍ക്കാര്‍ അട്ടിമറി നടത്തിയത്. സര്‍ക്കാര്‍ വെട്ടിയ നാലുപേരില്‍ ആര്‍ക്കും തന്നെ പേരിനു പോലും സിപിഎം ബന്ധമില്ലാത്തത് പിണറായി സർക്കാരിന് മുന്നിൽ അയോഗ്യതയായി മാറി. വ്യാഴാഴ്ചയാണ് അഞ്ചുപേരുടെ ലിസ്റ്റ് പുറത്ത് വിടുന്നത്.

എന്‍ഐഎ സെലക്റ്റ് ചെയ്തവരെ എന്തുകൊണ്ട് തഴഞ്ഞു എന്ന ചോദ്യത്തിനു അത് നയപരമായ തീരുമാനം എന്നാണു ആഭ്യന്തരവകുപ്പിന്റെ മറുപടി. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട തീവ്രവാദക്കേസുകളില്‍ എന്‍ഐഎ കേരളത്തില്‍ അറസ്റ്റ് തുടരുകയും നയതന്ത്ര വഴിയിലുള്ള സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം തുടരുകയും ചെയ്യുന്നതിനിടയിലാണ് എന്‍ഐഎ ഓഫീസര്‍മാരുടെ ലിസ്റ്റില്‍ സര്‍ക്കാര്‍ അട്ടിമറി നടത്തിയിട്ടുള്ളത് എന്നതാണ് ശ്രദ്ധേയം.

സാധാരണ ഗതിയില്‍ എന്‍ഐഎയുടെ ലിസ്റ്റ് സംസ്ഥാനം വെട്ടാറില്ല. അത് അംഗീകരിച്ച് ഉത്തരവിറക്കുകയാണ് ചെയ്യാറുള്ളത്. ഇതാണ് സംസ്ഥാനം തെറ്റിച്ചിരിക്കുന്നത്. തങ്ങൾക്ക് താല്പര്യമുള്ളവർ മാത്രം എൻ ഐ എ യിൽ എത്തിയാൽ മതിയെന്ന വ്യക്തമായ നിലപാടും ഗൂഢ ലക്ഷ്യവുമായാണ് ഇതിനു പിന്നിലുള്ളത്. അത് കൊണ്ട് തന്നെ വ്യക്തമായ സര്‍ക്കാര്‍ താത്പര്യങ്ങള്‍ ഉറപ്പ് വരുത്തിയുള്ള ലിസ്റ്റാണ് ഇപ്പോള്‍ എന്‍ഐഎയ്ക്ക് കൈമാറുന്നത്. അട്ടിമറിച്ച ലിസ്റ്റ് എന്‍ഐഎ അംഗീകരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റ് അംഗീകരിക്കണോ എന്ന തീരുമാനത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എന്‍ഐഎയാണ്. സർക്കാർ നൽകിയ ലിസ്റിലുള്ളവർ മാത്രം നിയമിതരായാൽ സംസ്ഥാനത്തെ ഒട്ടു മിക്ക എൻ ഐ എ അന്വേഷണങ്ങളും അട്ടിമറിക്കപ്പെടും.

എന്‍ഐഎയിലേക്ക് ഓഫീസര്‍മാരെ ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിന് എന്‍ഐഎ നേരത്തെ കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിജിപി എന്‍ഐഎ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷ നല്‍കിയവരില്‍ നിന്നും അന്വേഷണം പൂര്‍ത്തിയാക്കി ആഭ്യന്തരവകുപ്പ് തിരഞ്ഞെടുത്തവരുടെ ലിസ്റ്റ് ആണ് എന്‍ഐഎയ്ക്ക് നല്‍കിയത്. ഇവരില്‍ നിന്നും എന്‍ഐഎ അഭിമുഖവും രഹസ്യാന്വേഷവും പൂര്‍ത്തിയാക്കി കേരളത്തിനു നല്‍കിയ ഒന്‍പതു പേരുടെ ലിസ്റ്റാണ് പിണറായി സർക്കാർ അട്ടിമറിച്ചിരിക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ 24നാണ് എന്‍ഐഎ നല്‍കിയ ലിസ്റ്റ് ഡിജിപി ആഭ്യന്തരവകുപ്പിന് കൈമാറുന്നത്. ഇതില്‍ ഒന്‍പതു പേരുകളുണ്ട്. ഈ ലിസ്റ്റ് വെട്ടി ഇഷ്ടമില്ലാത്തവന്റെ വെട്ടി പുതിയ ലിസ്റ്റ് ആഭ്യന്തരവകുപ്പ് പുറത്ത് വിട്ടിരിക്കുകയാണ്. ഇതില്‍ അഞ്ചുപേരുകള്‍ മാത്രമാണ് ഉള്ളത്. ഒരു വര്‍ഷത്തേക്ക് ഇവര്‍ക്ക് എന്‍ഐഎ ഡെപ്യൂട്ടേഷന്‍ അനുവദിക്കുന്നു എന്നാണ് ഉത്തരവില്‍ പറയുന്നത്.