ഏത് നിമിഷവും നിലംപൊത്താവുന്ന വീട്ടിലേക്ക് ഭാഗ്യ ദേവതയുടെ കടാക്ഷം

തൃശ്ശൂര്‍: പലപ്പോഴും അര്‍ഹതപ്പെട്ടവരെ തേടി ഭാഗ്യം എത്താറുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സജേഷിന് ലഭിച്ച ലോട്ടറി സമ്മാനം. ഇനി അടിത്തറയുള്ള ഒരു വീടെന്ന സജേഷിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയും ചെയ്യും. ഏത് നിമിഷവും നിലം പൊത്താവെന്ന വിധത്തിലുള്ള വീട്ടിലേക്ക് ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് കടന്നു വന്നത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ സജേഷിന് 80 ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്.

കോട്ടപ്പുറത്ത് വെല്‍ഡിംഗ് തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു സജേഷ്. ഞായറാഴ്ച ഉച്ചക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിന് ഇടെയാണ് ടിക്കറ്റ് നല്‍കിയ ബന്ധു കൂടിയായ വില്‍പ്പനക്കാരന്‍ ഫോണ്‍ ചെയ്യുകയും ടിക്കറ്റ് നമ്പര്‍ നോക്കാന്‍ പറയുകയും ചെയ്തത്. നമ്പറുകള്‍ ഒത്തുനോക്കിയപ്പോള്‍ സമ്മാനം തനിക്ക് തന്നെയെന്ന് സജേഷ് ഉറപ്പാക്കി.

അച്ഛനും അമ്മയും ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് സജേഷിന്റെ കുടുംബം. പ്രളയത്തില്‍ വെള്ളം കയറിയ വീട് ഏത് നിമിഷവും നിലം പൊത്താമെന്ന അവസ്ഥയിലാണ്. അറ്റകുറ്റപ്പണികള്‍ക്ക് സഹായം ലഭിച്ചിരുന്നു. പുതുക്കി പണിയാന്‍ സജേഷ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെയാണ് സജേഷ് ലോട്ടറി എടുക്കുന്നതും ലോട്ടറി അടിക്കുന്നതും. ക്രിസ്മസ് ദിനത്തില്‍ രാവിലെ അഞ്ചങ്ങാടി ജംഗ്ഷനില്‍ നിന്നാണ് സജേഷ് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത്.