തലസ്ഥാനത്ത് സിഡിഎം മെഷീനിൽ കള്ളനോട്ട് നിക്ഷേപിച്ചു, രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം : തലസ്ഥാനത്ത് സിഡിഎം മെഷീനിൽ കള്ളനോട്ട് നിക്ഷേപിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. ആര്യനാട് സ്വദേശികളായ ജയൻ, ബിനീഷ് എന്നിവരാണ് പിടിയിലായത്. പൂവച്ചൽ എസ്ബിഐയുടെ സിഡിഎം മെഷീനിനുള്ളിലാണ് പ്രതികൾ കള്ളനോട്ടുകൾ നിക്ഷേപിക്കാൻ ശ്രമിച്ചത്. 500 ന്റെ 8 കള്ളനോട്ടുകളാണ് പ്രതികൾ സിഡിഎം മെഷീനിൽ നിക്ഷേപിച്ചത്.

ജയൻ, ബിനീഷ് എന്നിവരാണ് കള്ളനോട്ട് നിർമാണത്തിന് പിന്നിൽ. പ്രതികൾ ഇതിന് മുൻപും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നാണ് പോലീസിന്റെ് സംശയം. കൂടുതൽ കള്ളനോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇന്നലെയാണ് പൂവച്ചൽ എസ്ബിഐയുടെ സിഡിഎം മെഷീനിൽ ഇവർ കള്ളനോട്ട് നിക്ഷേപിച്ചത്. സംഭവം ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും പണം നിക്ഷേപിച്ച അക്കൗണ്ട് കണ്ടെത്തി കാട്ടാക്കട പോലീസിൽ പരാതി നൽകുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളും അക്കൗണ്ട് ഡീറ്റെയിൽസ് എന്നിവ പരിശോധിച്ച പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളിൽ ഒരാളുടെ അമ്മയുടെ അക്കൗണ്ടിലേക്കാണ് കള്ളനോട്ട് നിക്ഷേപിച്ചത്. ഇതിൽ ബിനീഷാണ് കള്ളനോട്ട് നിർമാണത്തിലെ പ്രധാനി. ബന്ധുവായ ജയന്റെ് വീട്ടിലാണ് നോട്ട് നിർമ്മാണത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി കള്ളനോട്ട് നിർമ്മിച്ചിരുന്നതെന്നും പോലീസ് പറ്ഞ്ഞു.

ജയന്റെ് വീട്ടിൽ നിന്ന് പേപ്പറുകൾ, കമ്പ്യൂട്ടർ, പ്രിൻ്റർ, സ്കാനർ, മഷി ഉൾപ്പെടെ കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾ കൂടുതൽ നോട്ടുകൾ പ്രിൻ്റ് ചെയ്തു വിതരണം ചെയ്തിട്ടുണ്ടോ എന്നും, മറ്റെവിടെയെങ്കിലും ഇതേ രീതിയിൽ നോട്ടുകൾ മാറിയെടുത്തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിച്ചു.