അഞ്ച് സെക്കൻഡ് നേരം ശ്വാസമടക്കി നിന്നു, ഉലകനായകനെ കണ്ടപ്പോഴുണ്ടായ അനുഭവം പങ്കിട്ട് ഉണ്ണി മുകുന്ദൻ

മലയാളത്തിന്റെ ഇഷ്ട താരമാണ് ഉണ്ണി മുകുന്ദൻ. നടൻ, നിർമാതാവ് എന്നീ നിലകളിൽ തിളങ്ങി നിൽക്കുകയാണ് താരം. ഇപ്പോൾ സൂപ്പർസ്റ്റാർ കമൽഹാസനെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ചുകൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ കുറിപ്പാണ് വൈറലാവുന്നത്. ഉലകനായകനൊപ്പമുള്ള ചിത്രമാണ് ഉണ്ണി പോസ്റ്റ് ചെയ്തത്.

എന്നെ വിശ്വസിക്കൂ, യഥാർഥ ഉലകനായകനാണ് തൊട്ടടുത്ത് നിൽക്കുന്നതെന്ന ബോധ്യത്തിൽ അഞ്ച് നിമിഷം ഞാൻ ശ്വാസമടക്കി അവിടെ നിന്നു. ഒരു ഹാൻഡ്ഷേക്കും ഹഗും എനിക്ക് കിട്ടി. പക്ഷേ അത് തെളിയിക്കാനുള്ള ചിത്രങ്ങൾ എൻറെ പക്കൽ ഇല്ല- എന്ന കുറിപ്പിനൊപ്പമാണ് ഉണ്ണി മുകുന്ദൻ ചിത്രം പങ്കുവച്ചത്.

ദുബായിൽ നടന്ന സൈമ അവാർഡ്സ് വേദിയിൽ വച്ചാണ് ഉണ്ണി മുകുന്ദൻ കമൽ ഹാസനെ കണ്ടത്. തമിഴിലെ ഇത്തവണത്തെ മികച്ച നടനുള്ള പുരസ്കാരം സ്വീകരിക്കാനാണ് കമൽ എത്തിയത്. വിക്രത്തിലെ പ്രകടനമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. അതേസമയം മികച്ച നവാഗത നിർമ്മാതാവിനുള്ള പുരസ്കാരമാണ് ഉണ്ണി മുകുന്ദന് ലഭിച്ചത്. മേപ്പടിയാൻ എന്ന ചിത്രമാണ് ഉണ്ണിയെ പുരസ്കാരത്തിന് അർഹനാക്കിയത്.

രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ്, വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഗന്ധർവ ജൂനിയർ എന്നിവയാണ് ഉണ്ണിയുടേതായി മലയാളത്തിൽ വരാനിരിക്കുന്ന ചിത്രങ്ങൾ. തമിഴിൽ ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഉണ്ണി പ്രധാനവേഷത്തിലുണ്ട്. അതേസമയം ഒന്നിലധികം പ്രോജക്റ്റുകളുമായി തിരക്കിലാണ് കമൽഹാസനും. ശങ്കറിനൊപ്പമുള്ള ഇന്ത്യൻ 2, പ്രഭാസ് ചിത്രം കൽക്കി എന്നിവയാണ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.