കോവിഡിനെ അതിജീവിച്ച് ഉണ്ണികൃഷ്ണൻ നമ്പൂതിരി

കല്യാണരാമനിൽ ദിലീപിന്റെ മുത്തച്ഛനായി എത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ആളാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. ചിത്രത്തിലെ അഭിനയത്തിന് ശേഷം മലയാള സിനിമയിൽ മുത്തച്ഛൻ കഥാപാത്രങ്ങളുടെ മുഖമായി അദ്ദേഹം മാറുകയായിരുന്നു. 2012-ലാണ് ഒടുവിൽ അദ്ദേഹം സിനിമയിൽ അഭിനയിച്ചത്.

97ാം വയസിൽ കോവിഡിനെ അതിജീവിച്ചിരിക്കുകയാണ് പ്രിയതാരം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് പൊസിറ്റീവായതിനെ തുടർന്ന് ചികിത്സയിലായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി. ഇപ്പോൾ കോവിഡ് നെഗറ്റീവായതിന്റെ സന്തോഷത്തിലാണെന്ന് അദ്ദേഹത്തിന്റെ മകൻ ഭവദാസൻ മാധ്യമങ്ങളോട് പറഞ്ഞു.ന്യുമോണിയ ബാധിച്ച് മൂന്നാഴ്ച മുമ്പ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയതായിരുന്നു. അന്ന് കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. ന്യുമോണിയ ഭേദമായി വീട്ടിലെത്തിയ താരത്തിന് രണ്ടു ദിവസത്തിന് ശേഷം വീണ്ടും പനി ബാധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയത്. രണ്ട് ദിവസം ഐസിയുവിൽ കഴിയേണ്ടി വന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം തിരിച്ചു വന്നിരിക്കുകയാണ്.

നടൻ ദിലീപിന്റെ എക്കാലത്തെയും മികച്ച കോമഡി ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് കല്യാണരാമൻ. ചിത്രത്തിലെ ഓരോ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ സെന്റിമെൻസിലൂടെയും കോമഡിയിലൂടെയും ശ്രദ്ധിക്കപ്പെട്ട ആളാണ് ഗോപാലകൃഷ്ണൻ എന്ന മുത്തച്ഛൻ.ദേശാടനത്തിലൂടെ മുത്തച്ഛനായി എത്തിയ ഉണ്ണികൃഷ്ണൻ നമ്പൂതിരി പിന്നീട് മലയാള സിനിമയുടെ മുത്തച്ഛനായി മാറുകയായിരുന്നു. കൈകുടന്ന നിലാവ്, മധുര നൊമ്പരക്കാറ്റ്, സദാനന്ദന്റെ സമയം, നോട്ട് ബുക്ക്, രാപ്പകൽ, ലൗഡ് സപീക്കർ, പോക്കിരി രാജ, കല്യാണരാമൻ, മായാ മോഹിനി, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം 2012 ലാണ് അവസാനമായി വെളളിത്തിരിയിലെത്തിയത്. ഇന്നും മലയാള സിനിമയിലെ മുത്തശ്ശൻ കഥാപാത്രങ്ങളിൽ ആദ്യം മനസ്സിലേക്ക് ഓടി എത്തുന്നത് കല്യാണരാമനിലെ കഥാപാത്രമാണ്.