കുട്ടികളുടെ മാനസിക പിരിമുറുക്കം, വിഎച്ച്എസ്ഇക്കാർക്ക് ക്ലാസെടുത്തത് പോക്സോ കേസ് പ്രതി

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് നടത്തിയ കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാനുള്ള പരിശീലന പരിപാടിയിൽ ക്ലാസെടുക്കാൻ കണ്ടെത്തിയത് പോക്സോ കേസ് പ്രതിയെ. വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ വെബിനാറിലാണ് പോക്സോ കേസ് പ്രതിയെ ഉൾപ്പെടുത്തിയത്. ഇന്നലെയാണ് വെബിനാർ നടന്നത്. നിലവിൽ രണ്ട് പോക്സോ കേസുകളിൽ പ്രതിയും വിചാരണ നേരിടുന്നയാളുമാണ് ക്ലാസെടുത്ത ഡോ ഗിരീഷ്. തിരുവനന്തപുരത്ത് രണ്ട് പോക്സോ കേസിൽ വിചാരണ നേരിടുന്ന ഡോ. കെ. ഗിരീഷിനെയാണ് വിഎച്ച്എസ്ഇ സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുപ്പിച്ചത്.

കൊവിഡ് കാലത്തെ കുട്ടികളുടെ മാനസിക സംഘർഷമെന്ന വിഷയത്തിലായിരുന്നു വെബിനാർ. ലയൺസ് ക്ലബുമായി ചേർന്ന് നടത്തിയ വെബിനാറിൽ സംസ്ഥാനത്തെ 389 സ്കൂളുകളിലെ കരിയർ മാസ്റ്റർമാർക്കായി ഗിരീഷ് ക്ലാസെടുത്തു. കൗൺസിലിങ്ങിനെത്തിയ കുട്ടികളെ പീഡിപ്പിച്ച കേസിൽ വിചാരണ നേരിടുകയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഗിരീഷ്. എന്നാൽ കേസിനെക്കുറിച്ച് അറിയില്ലെന്നാണ് വിഎച്ച്എസ്‌സി യുടെ വിശദീകരണം.

ഇയാൾക്കെതിരായ രണ്ടു കേസുകളിൽ തിരുവനന്തപുരം പോക്സോ കോടതിയിൽ വിചാരണ തുടരുകയാണ്. ഗിരീഷ് റിമാൻഡിൽ കിടന്ന തിരുവനന്തപുരം ജില്ലാ ജയിലിലും തടവുകാർക്ക് ക്ലാസെടുക്കാനായി ലയൺസ് ക്ലബിന്റെ പേരിൽ ഗിരീഷ് നേരത്തെ എത്തിയത് വിവാദമായിരുന്നു. ചടങ്ങിൽ പങ്കെടുക്കാനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിനെ ക്ഷണിച്ചുവെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. ലയൺസ് ക്ലബിന്റെ യുവ ജനവിഭാഗം കോർഡിനേറ്ററെന്ന നിലയിലാണ് ഗിരീഷ് പങ്കെടുത്തത്. ഗിരീഷിന്റെ കേസിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് വൊക്കേഷനൽ ഹയർസെക്കണ്ടറി വകുപ്പിൻറെ വിശദീകരണം.