തെറിവിളി അനിവാര്യം, ഞാന്‍ എൻ്റെ അമ്മയ്ക്കൊപ്പമിരുന്നാണ് ചുരുളി കണ്ടത്; വിനയ് ഫോര്‍ട്ട്

ജെല്ലിക്കെട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വഹിച്ച ചുരുളി ഇപ്പോള്‍ വലിയ വിമര്‍ശനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സഭ്യമല്ലാത്ത ഭാഷാ പ്രയോഗത്തിന്‍റെ അതിപ്രസരമാണ് വിമര്‍ശനത്തിന് കാരണം. ചിത്രം വന്‍ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുകയാണ്.  ഏതാനം ദിവസം മുൻപ് സോണി ലൈവില്‍ സ്ട്രീമിങ് തുടങ്ങിയ ചിത്രമാണ് ചുരുളി. എസ് ഹരീഷിൻ്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വഹിച്ച  ഈ ചിത്രം കഴിവ് തെളിയിച്ച ഒരു പിടി കലാകാരന്മാരുടെ  സാന്നിധ്യം ശ്രദ്ധേയമാണ്.

ലോക്ക് ഡൗണിന് മുന്‍പ് ഇടുക്കിയില്‍ വച്ച് വെറും 19 ദിവസം കൊണ്ടാണ് ഈ ചിത്രം പൂര്‍ത്തിയാക്കിയത്. ജോയ് എന്ന കഥാപാത്രത്തെ അന്വേഷിച്ചു ചെമ്പൻ വിനോദും, വിനയ് ഫോര്‍ട്ടും ഒരു വനത്തിലേക്ക് എത്തുന്നതും അതിനെത്തുടര്‍ന്നു ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ചുരുളിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ തെറി വിളികള്‍ തിരുകി കയറ്റിരിക്കുകയാണ് എന്നാണ് സമൂഹ മാധ്യമത്തില്‍ ഉയരുന്ന വിമര്‍ശനം. അസഭ്യ വാക്കുകള്‍ പുട്ടിന് പീരയെന്നതുപോലെ ചിത്രത്തിന്‍റെ ഭാഗമാണ്. എന്നാല്‍ ആവിഷ്കാര സ്വാതന്ത്ര്യം എന്ന നിലയില്‍ ചിത്രത്തെ അനുകൂലിക്കുന്നവരും കുറവല്ല. പ്രായപൂര്‍ത്തിയായവര്‍ക്ക് കാണാന്‍ ഉള്ളതാണ് ഈ ചിത്രമെന്ന് തുടക്കത്തില്‍ തന്നെ എഴുത്തിക്കാണിക്കുന്നതുകൊണ്ട് കുടുംബസമേതം കാണേണ്ട ചിത്രമല്ല ഇതെന്നാണ് ചുരുളിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

സമൂഹ മാധ്യമത്തില്‍ അടക്കം ജോജു ജോര്‍ജിൻ്റെ കഥാപാത്രം സംസാരിക്കുന്ന രം​ഗങ്ങള്‍ കട്ട് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ട് ഈ വിമര്‍ശനങ്ങളോട്  പ്രതികരിക്കുകയുണ്ടായി. ചിത്രത്തില്‍ സഭ്യമായ ഭാഷ ഉപയോ​ഗിച്ചാല്‍ ചിത്രത്തിന്‍റെ ആത്മാവ് നഷ്ടമാകും. അതുകൊണ്ടാണ് അസഭ്യമായ ഭാഷാ പ്രയോ​ഗം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സംവിധായകന്‍റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ആ നിലയില്‍ കാണാമെന്നും അദ്ദേഹം പറയുന്നു. സിനിമയുടെ അനിവാര്യതയായിരുന്നു അസഭ്യമായ ഭാഷാ പ്രയോ​ഗം. താനും അമ്മയും ഒരുമിച്ചാണ് ഈ ചിത്രം കണ്ടതെന്നും അദ്ദേഹം പറയുകയുണ്ടായി.

ഈ ചിത്രം  പ്രായപൂര്‍ത്തിയായവര്‍ക്കാണ് എന്ന് വ്യക്തമായി പറയുന്നുണ്ട്. കുടുംബമായി. കുട്ടികളുമായി കാണേണ്ട ചിത്രമല്ല  ചുരുളി. ആമസോണ്‍, നെറ്റ്ഫ്‌ളിക്സ് തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എല്ലാ ഭാഷയിലുള്ള ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും, അതൊരിയ്ക്കലും ഭാഷയുടെ സഭ്യത നോക്കി അല്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.