അച്ഛന്‍ ഓട്ടോ ഓടിക്കാന്‍ പോയതല്ലേ, അമ്മയെന്തിനാ കരയുന്നത്

അമ്മയെന്തിനാണ് കരയുന്നത്’ . ‘അച്ഛന്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ പോയിരിക്കുകയാണ്. ഭിന്നശേഷിക്കാരനായ മകന്‍ അര്‍ജുന്റെ ചോദ്യം കണ്ടു നില്‍ക്കുന്നവരെ കൂടി സങ്കടത്തിലാക്കി. മകന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ സങ്കടം സഹിക്കാതെ വിങ്ങിപ്പൊട്ടുകയായിരുന്നു ദീപ. കഴിഞ്ഞ ദിവസമാണ് ബാങ്കുകാര്‍ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ വരുന്നതറിഞ്ഞ വിഷമത്തില്‍ ഓട്ടോ റിക്ഷാ ഡ്രൈവറായ ഗാന്ധിനഗര്‍ പുനത്തില്‍ വിനു (46) ജീവനൊടുക്കിയത്. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു വിനുവിന്റെ മൃതദേഹം കണ്ടെത്തിയത്.

2016ല്‍ അഞ്ചു ലക്ഷം രൂപ ബാങ്ക് ലോണെടുത്താണ് ആകെയുള്ള മൂന്നു സെന്റില്‍ ഒരു കൊച്ചു വീട് വിനു പണിതത്. മൂന്നു സെന്റ് ഭൂമി ബാങ്കില്‍ ഈടു നല്‍കിയായിരുന്നു ലോണെടുത്തത്. 14 കാരനായ മകന്‍ അര്‍ജുന്‍ സെറിബ്രല്‍ പാള്‍സി ബാധിതനാണ്. ഓട്ടോ ഓടിച്ചുകിട്ടുന്ന ചെറിയ വരുമാനത്തിനിടെ മകന്റെ ചികിത്സയ്ക്കായി വലിയ ചെലവുകളാണ് വിനുവിന് താങ്ങേണ്ടിയിരുന്നത്. ഇതിനിടെ ലോണടവുകള്‍ പലതവണ മുടങ്ങി. മകള്‍ ആറാം ക്ലാസില്‍ പഠിക്കുന്നു. ലോണ്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വന്നതോടെ വീടു ജപ്തി ചെയ്യുമെന്ന സ്ഥിതി വന്നു. ഇതോടെ ബാങ്കുകാര്‍ പലതവണ മുന്നറിയിപ്പ് നല്‍കുകയും പിന്നീട് കേസ് കോടതിയില്‍ എത്തുകയും ചെയ്തു. ഇതിനിടെ വീട് വില്‍ക്കാന്‍ നോക്കിയെങ്കിലും നടന്നില്ല.

ജപ്തി നടപടിയുടെ അവസാന ഘട്ടമായി കഴിഞ്ഞ ഏഴിന് കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷനും ബാങ്ക് റിക്കവറി ഓഫീസറും വിനുവിന്റെ വീട്ടില്‍ വന്നിരുന്നു. വായ്പ തിരിച്ചടയ്ക്കാന്‍ മൂന്നുമാസത്തെ അവധി വിനു ചോദിച്ചുവെങ്കിലും ഈ ആവശ്യം അംഗീകരിക്കാന്‍ ബാങ്കുകാര്‍ തയാറായില്ല. ഫെബ്രുവരി 22ന് മുമ്ബ് വീട്ടില്‍നിന്ന് ഇറങ്ങണമെന്നായിരുന്നു നിര്‍ദേശം. ഈ വിഷമത്തിലായിരുന്നു കഴിഞ്ഞ കുറച്ചു നാളായി വിനു എന്നാണ് ബന്ധുക്കളും അടുപ്പമുള്ളവരും പറയുന്നത്. കേസ് അവസാനമായി ബുധനാഴ്ച കോടതി കേള്‍ക്കാനിരിക്കെയാണ് വിനുവിന്റെ ആത്മഹത്യ. മകന് സുഖമില്ലാത്തതിനാല്‍ ജോലിക്കു പോകാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു ദീപയ്ക്ക്. അതുകൊണ്ടു തന്നെ ഈ കുടുംബത്തിന്റെ ഏക ആശ്രയവും വിനുവായിരുന്നു.

ലോണെടുത്ത പീപ്പിള്‍സ് സഹകരണ അര്‍ബന്‍ ബാങ്ക് നിയമപരമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. മകന്റെ സാഹചര്യം അറിയുന്നതുകൊണ്ടു തന്നെ ഒരു ഘട്ടത്തിലും വീട്ടുകാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഇവരില്‍നിന്ന് ഉണ്ടായിട്ടില്ലെന്നാണ് ബന്ധുക്കളും പറയുന്നത്. നിയമപരമായ നടപടികള്‍ മാത്രമായിരുന്നു സ്വീകരിച്ചതെന്ന് ബാങ്ക് ഉദ്യോഗസ്ഥരും പറയുന്നു.

ബാങ്കുകാര്‍ തുടര്‍ നടപടികളുമായി മുന്നോട്ടു പോയാല്‍ മകളും ഭിന്നശേഷിക്കാരനായ മകനുമായി എവിടേക്കു പോകുമെന്നറിയാതെ ആശങ്കയിലാണ് ദീപ. ‘അച്ഛനും മകനും വലിയ കൂട്ടായിരുന്നു. ഓട്ടോറിക്ഷ ഓടിക്കാന്‍ ദൂരെയെവിടെയോ പോയിട്ടുള്ള അച്ഛന്‍ തിരിച്ചു വരുമെന്നു പറയുന്ന ആ കുഞ്ഞു ഹൃദയത്തെ ഞങ്ങളും വിഷമിപ്പിച്ചില്ല’ എന്ന് വിനുവിന്റെ ബന്ധു രാജഗോപാലന്‍ പറയുന്നു.