വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു, വോട്ട് രേഖപ്പെടുത്തി രജനികാന്ത് അജിത്ത് അടക്കമുള്ള പ്രമുഖ താരങ്ങൾ

ന്യൂഡൽഹി: അരുണാചൽ പ്രദേശിലും സിക്കിമിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. അരുണാചൽ പ്രദേശിലെ 60 നിയമസഭാ സീറ്റുകളിലേക്കും സിക്കിമിലെ 32 നിയമസഭാ സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്നുരാവിലെ ഏഴുമണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിനൊപ്പമാണ് അരുണാചലിലും സിക്കിമിലും ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചത്. ശക്തമായ സുരക്ഷയിൽ വൈകിട്ട് അഞ്ചുമണിവരെയാണ് പോളിങ് നടക്കുക. വോട്ടെടുപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. അരുണാചൽ പ്രദേശ്, സിക്കിം നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം ജൂൺ രണ്ടിന് പ്രഖ്യാപിക്കും.

സിക്കിമിൽ മുഖ്യമന്ത്രിയും സിക്കിം ക്രാന്തികാരി മോർച്ച (എസ്‌കെഎം) മേധാവിയുമായ പ്രേം സിങ് തമാങ്, മുൻ മുഖ്യമന്ത്രിയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്‌ഡിഎഫ്) തലവനുമായ പവൻ കുമാർ ചാംലിങ് എന്നിവരുൾപ്പെടെ 146 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. സിക്കിം നിയമസഭാ തെരഞ്ഞെടുപ്പിൽ 12 വനിതാ സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.

അരുണാചൽ വെസ്റ്റ് പാർലമെൻ്റ് സീറ്റിൽ കേന്ദ്രമന്ത്രി കിരൺ റിജിജു, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നബാം തുകി എന്നിവരുൾപ്പെടെ എട്ട് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സിറ്റിങ് ബിജെപി എംപി തപിർ ഗാവോയും സംസ്ഥാന കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ബോസിറാം സിറാമും ഉൾപ്പെടെ ആറ് സ്ഥാനാർഥികൾ അരുണാചൽ ഈസ്റ്റിൽ മത്സരിക്കുന്നുണ്ടെന്ന പ്രത്യേകതയുമുണ്ട്.