കോഴിക്കോട് മാരക മയക്കുമരുന്നുമായി യുവതി പിടിയില്‍

കുറ്റ്യാടി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതിയെ പോലീസ് പിടികൂടി. ചങ്ങരോത്ത് കുന്നോത്ത് ശരണ്യ എന്ന 29കാരിയാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 740 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തു.

മൊകേരി ഭാഗത്ത് മയക്കുമരുന്ന് വിതരണം ചെയ്യാനായി യുവതി വരുന്നുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് എസ്‌ഐയും സംഘവും സ്ഥലത്തെത്തി. മൊകേരി ടാക്കീസിന് സമീപത്തു നിന്നും ആണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടില്‍പ്പാലത്ത് വാടകയ്ക്ക് കഴിഞ്ഞ് വരികയാണ് ശരണ്യ.

എസ്.ഐ ബാബു, എ.എസ്.ഐ മനോജ്, എസ്.സി.പി.ഒ രജനി, ഡ്രൈവര്‍ അജേഷ് എന്നിവരടങ്ങി സംഘമാണ് യുവതിയെ പിടികൂടിയത്. പ്രതിയെ നാദാപുരം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി.

മയക്കുമരുന്നു സംഘം കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും സജീവമാണെന്ന് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. രണ്ടാഴ്ച മുമ്പ് ഊരത്ത് സ്വദേശി അന്‍വറിനെ രണ്ടേകാല്‍ കിലോ കഞ്ചവുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാത്രമല്ല കൂള്‍ബാറില്‍ നിന്നും നൂറോളം നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടിയിരുന്നു.