വിവാഹാഭ്യര്‍ഥനയുമായി വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിച്ചു

തൊടുപുഴ. മകളെ വിവാഹം കഴിപ്പിച്ച് തരണമെന്ന് ആവശ്യപ്പെട്ട് വീട്ടില്‍ എത്തിയ യുവാവ് പിതാവിനെ മര്‍ദ്ദിച്ചു. പെണ്ണുകാണാനെന്ന് പറഞ്ഞ് മണക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ യുവാവ് വീട്ടുകാരോട് വിവാഹഭ്യര്‍ഥന നടത്തുകയായിരുന്നു. പിതാവിന്റെ പരാതിയില്‍ തൊടുപുഴ മണക്കാട് സ്വദേശിയായ യുവാവിനെതിരെ തൊടുപുഴ പോലീസ് കേസ് എടുത്തു.

സംഭവം നടക്കുമ്പോള്‍ ബെംഗളൂരുവില്‍ പഠിക്കുന്ന പെണ്‍കുട്ടി വീട്ടില്‍ ഇല്ലായിരുന്നു. തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ വീഡിയോകോള്‍ വിളിച്ച് തരണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടുകാര്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അനുജത്തിയെ കാണണമെന്നും വിവാഹം കഴിപ്പിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതും പറ്റില്ലെന്ന് പറഞ്ഞതോടെ പിതാവിനെ മര്‍ദിച്ചുവെന്നാണ് പരാതി.

സംഭവത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ പിതാവ് ആശുപത്രിയിലാണ്. വീട്ടില്‍ ഉണ്ടായ തര്‍ക്കത്തിനിടെ യുവാവിനും മര്‍ദനമേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.