10 വയസുകാരന്റെ ദേഹത്തേയ്ക്ക് മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണു; ദാരുണാന്ത്യം

ആലുവയില്‍ ദേഹത്തേയ്ക്ക് മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണ് 10 വയസുകാരന്‍ മരിച്ചു. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേയ്ക്ക് മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീഴുകയായിരുന്നു. അമ്പാട്ടു വീട്ടില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.15നായിരുന്നു അപകടം. സ്വകാര്യവ്യക്തിയുടെ പറമ്പിൽ കുറേക്കാലമായി ചരിഞ്ഞുനിന്നിരുന്ന മരം സ്വകാര്യറോഡിലെ ഇലക്ട്രിക് ലൈനിലേക്ക് വീഴുകയായിരുന്നു. കോൺക്രീറ്റ് പോസ്റ്റ് രണ്ടായി ഒടിഞ്ഞ് ഇർഫാന്റെ തലയിലേക്ക് പതിക്കുകയായിരുന്നു. ഉടനെ രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും മാർഗമദ്ധ്യേ മരിച്ചു.

ശ്രീമൂലനഗരം വിജ്ഞാനപീഠം സ്കൂളിലെ നാലാംക്ളാസ് വിദ്യാർത്ഥിയാണ്. ആലുവ ജില്ലാ ആശുപത്രിയിൽ ഇന്ന് രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. തുടർന്ന് പുറയാർ ജമാഅത്ത് പള്ളിയിൽ കബറടക്കും. വീടിന് സമീപം പലചരക്കുകട നടത്തുകയാണ് പിതാവ് നൗഷാദ്. മാതാവ്: ഫൗസിയ. സഹോദരൻ: മുഹമ്മദ് ഫർഹാൻ.