രണ്ടാം വിവാഹം കഴിക്കാനുള്ള തീരുമാനം ഇഷ്ടപ്പെട്ടില്ല, സഹോദരിയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ ഇന്ന് തെളിവെടുപ്പ്

ആലപ്പുഴ മാരാരിക്കുളത്ത് സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതി ബെന്നിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും. കൊല്ലപ്പെട്ട റോസമ്മയുടെ കെവശം ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും തെളിവെടുപ്പിന് ഒപ്പം പൊലീസ് അന്വേഷിക്കും. 58കാരിയായ റോസമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ സഹോദരന്‍ ബെന്നി (63) പൊലീസിന്റെ പിടിയിലായിരുന്നു. റോസമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

സഹോദരിയെ കൊന്നതിന് കാരണമായി മൂന്ന് കാരണങ്ങളാണ് ബെന്നി പൊലിസിനോട് പറഞ്ഞത്. 60-ാം വയസില്‍ കല്യാണം കഴിക്കുന്നത് സംബന്ധിച്ച തര്‍ക്കവും ഇതര മതസ്ഥനെ വിവാഹം ചെയ്യുന്നതിലെ എതിര്‍പ്പും ബെന്നിയുടെ മരിച്ചു പോയ ഭാര്യയെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചതുമാണ് കൊലയ്ക്ക് കാരണം എന്നാണ് മൊഴി. വ്യാഴാഴ്ച രാത്രി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് കൊല നടത്തിയതെന്നും മൊഴിയിലുണ്ട്. റോസമ്മ പുനര്‍വിവാഹത്തിനായി മോതിരവും താലിയും മറ്റും തയാറാക്കി വെച്ചിരുന്നു.

സഹോദരനൊപ്പം താമസിച്ചിരുന്ന റോസമ്മയെ 17 മുതലാണ് കാണാതായത്. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടയില്‍ ബെന്നി കൊലപാതക വിവരം വെളിപ്പെടുത്തുകയായിരുന്നു. അബദ്ധത്തില്‍ കൊലപ്പെടുത്തിയതാണെന്നായിരുന്നു മൊഴി. അയല്‍വാസിയായ പൊതുപ്രവര്‍ത്തകയോടാണ് ആദ്യം വിവരം പറഞ്ഞത്. ഇവരുടെ നിര്‍ദേശം അനുസരിച്ച് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് റോസമ്മയുടെ ആദ്യ ഭര്‍ത്താവ് മരിച്ചിരുന്നു. തുടര്‍ന്ന് സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്.